Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07/02/22

February 7, 2022
1 minute Read

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും;വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്ലാസുകൾ.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.

ഗൂഢോലോചനക്കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.

ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരം; ഗവർണർ ഒപ്പിട്ടു

ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരം. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദ​ഗതിക്കാണ് ​ഗവർണർ അം​ഗീകാരം നൽകിയത്. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ​ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.

ഫോണ്‍ ഹാജരാക്കാതിരുന്നത്
നിസഹകരണമല്ലെന്ന് കോടതി

വധശ്രമഗൂഢാലോചനക്കേസില്‍ ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടന്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കാതിരുന്നത് നിസഹകരണമല്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വിമര്‍ശനങ്ങള്‍ക്കാണ് കോടതി മറുപടി പറഞ്ഞത്. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനങ്ങളെപ്പറ്റി ധാരണ ഇല്ലാതെയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും കൈവശമുണ്ടായിരുന്ന ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തുന്നു. (dileep)

ഏഴ് ദിവസത്തിനു ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു

ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളജിലെ ആറംഗ ഡോക്ടർമാർ ഉൾപ്പെടെ 9 അംഗ സംഘം നടത്തിയ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിസ്‌ചാർജ് ആയത്. സമയോചിതമായി വൈദ്യ സഹായം എത്തിച്ചതിനാലാണ് തനിക്ക് ഇപ്പോൾ ജീവിച്ചിരിക്കാൻ സാധിക്കുന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് നാട്ടുകാരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. (vava suresh discharged hospital)

ലോക ജനപ്രിയ നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിലാണ് മോദി വീണ്ടും ഒന്നാമതെത്തിയത്.

ബജറ്റ് സമ്മേളനം: ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ലോക്സഭയിൽ ഇന്ന് മറുപടി നൽകും. 12 മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയാണ് ലോക്സഭയിൽ നടന്നത്. 2022 ലെ ബജറ്റ് സമ്മേളനം ജനുവരി 31 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ആരംഭിച്ചിരുന്നു. സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയും നടക്കും.

സ്വർണക്കടത്തിലെ വിവാദങ്ങൾ സിപിഐഎമ്മിനെ ബാധിക്കില്ല; എസ് രാമചന്ദ്രൻ പിള്ള

സ്വർണക്കടത്തിലെ പുതിയ വിവാദങ്ങൾ സിപിഐ എമ്മിനെ ബാധിക്കുന്നതല്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള. എം ശിവശങ്കറും സ്വപനയും തമ്മിലുള്ള തർക്കം കോടതി തീരുമാനിക്കട്ടെ. കേന്ദ്ര ഏജൻസികൾക്കെതിരെയാണ് പുസ്‌തകം. സ്വപ്‌നക്കെതിരെയുള്ളത് ചെറിയ പരാമർശം. എം ശിവശങ്കറിനെതിരെ നടപടി വേണമോയെന്നത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി ഉത്തരവില്‍ സന്തോഷമോ ദുഃഖമോയില്ല; പ്രതി പ്രബലനാണ്, എന്തും സംഭവിക്കാം: ബാലചന്ദ്രകുമാർ

ഗൂഢാലോചന കേസിൽ കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഉത്തരവില്‍ പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോയില്ല. പ്രധാന സാക്ഷിയെന്ന നിലയിൽ ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാം. കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല ജാമ്യം ലഭിക്കുന്നതിലൂടെ വാദമുഖങ്ങൾ ഇല്ലാതാകുന്നില്ല. പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top