എന്താണ് ലോകായുക്ത നിയമഭ ഭേദഗതി? എന്തിനു വേണ്ടി; ഭേദഗതിയെക്കുറിച്ചറിയാം

സംസ്ഥാനത്ത് അടുത്തകാലത്ത് ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച വിഷയമായിരുന്നു ലോകായുക്ത നിയമഭേദഗതി. ഭരണഘടന സംരക്ഷണത്തിനായാണ് നിയമഭേദഗതിയെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ലോകായുക്തയുടെ ചിറകരിയുന്നതാണ് നടപടിയെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. വാദപ്രിതവാദങ്ങള്‍ക്കിടയില്‍ ആടിയുലഞ്ഞ രാഷ്ട്രീയ കോളിളക്കത്തില്‍ ഇടതു മുന്നണിയില്‍ നിന്ന് തന്നെ അപശബ്ദമുയര്‍ന്നു. സ്വന്തം മന്ത്രിമാര്‍ക്ക് പോലും ഓര്‍ഡിനന്‍സില്‍ ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനവുമായി സിപിഐയും രംഗത്തെത്തി. എല്‍ഡിഎഫിന്റെ പ്രധാനഘടകക്ഷിയുടെ ഭാഗത്തുനിന്ന് പോലുമുണ്ടായ എതിര്‍പ്പുകളെ ഗൗരവമായി മുഖവിലക്കെടുക്കാതെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായ മുന്നോട്ട് പോയി. ചികിത്സയ്ക്കും വിദേശ സന്ദര്‍ശനത്തിനും ശേഷം തിരികെയെത്തിയ മുഖ്യമന്ത്രി തന്നെ രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഒടുവിലിതാ ഗവര്‍ണര്‍ ആരിഫ് മുഹമദ്ഖാന്‍ ഓര്‍ഡിന്‍സില്‍ ഒപ്പുവെക്കുകയും ചെയ്തു. ലോകായുക്ത നിയമഭ ഭേതഗതിയില്‍ അങ്ങനെ ഒരു സുപ്രധാനയേട് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശമായിരുന്ന ഓര്‍ഡിനന്‍സിന്റെ കാതല്‍.
ലോകായുക്ത നിയമഭേദഗതി
ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് ഭേദഗതി. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാന്‍ മാത്രമാണ് അധികാരം. നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നതാണ് ഓര്‍ഡിനന്റെ പ്രസക്ത ഭാഗം. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഭരണഘടനാമൂല്യം സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം. ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെ നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ മാറ്റംവരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
ജലീലിനെയും കുറ്റവിമുക്തനാക്കാമായിരുന്നു
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല. അതേസമയം, ഓര്‍ഡിന്‍സ് നിലവില്‍ വന്ന ശേഷമാണ് ഇങ്ങനെയൊരു വിധി വന്നതെന്ന് കരുതുക. എങ്കില്‍ ജലീലിന് വേണ്ടി ഒരു ഹിയറിങ് നടത്തി അദ്ദേഹത്തിനെതിരേയുള്ള വിധി വേണമെങ്കില്‍ സര്‍ക്കാരിന് തള്ളാന്‍ സാധിക്കുമെന്നതാണ് പുതിയ ഭേദഗതി കൊണ്ട് സംഭവിക്കുക.
ചിറകരിയുന്ന നടപടിയെന്ന് പ്രതിപക്ഷം
ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതാണ് ഓര്‍ഡിനന്‍സെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനാണ് സര്‍ക്കാര്‍ ശ്രമം. അഴിമതി കേസുകളില്‍ ലോകായുക്തക്ക് നടപടിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. അതില്‍ തുടര്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ലോകായുക്ത ശുപാര്‍ശ ചെയ്താല്‍ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയര്‍ങ് നടത്തി തീരുമാനിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന വിമര്‍ശനമാണ് പ്രതിപക്ഷത്തിനുള്ളത്.
മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരായ കേസുകള്‍ പരാമര്‍ശിച്ചാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമഭേദഗതി അംഗീകരിക്കപ്പെട്ടാല്‍, അഴിമതി തെളിഞ്ഞാലും സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ്. അതിനാല്‍, ഓര്‍ഡിനന്‍സ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനവുമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ നിയമനടപടികളുമായി കോടതിയിലേക്ക് പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
സിപിഐയ്ക്കും വിയോജിചിപ്പ്
ഓര്‍ഡിനന്‍സില്‍ ഇടതു മുന്നണിയുടെ പ്രധാന ഘടക കക്ഷിയെന്ന നിലയില്‍ സിപിഐയ്ക്കും വിയോജിപ്പാണുള്ളത്. ഇത്രയും ധൃതിയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട സാഹചര്യമെന്താണെന്ന നിലപാടാണ് സിപിഐ മുന്നോട്ട് വെക്കുന്തന്. ഓര്‍ഡിനന്‍സിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഐയുടെ നിലപാട് മയപ്പെടുത്തുന്നതിനായി കാനം രാജേന്ദ്രനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് ഒപ്പുവെച്ച സാഹചര്യത്തില്‍ ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് സിപിഐ. എന്നാല്‍ അടുത്ത ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വീണ്ടും പരിഗണനക്കെടുക്കണമെന്ന ആവശ്യവും സിപിഐ മുന്നോട്ട് വെക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സിലുള്ള എതിര്‍പ്പ് മന്ത്രിമാരെക്കൊണ്ട് വ്യക്തമാക്കിക്കുകയെന്ന നിലപാടാണ് സിപിഐയ്ക്കുള്ളതെന്നാണ് സൂചന. നേരത്തെ ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി നിലപാടിനുസരിച്ചുള്ള എതിര്‍പ്പ് യോഗത്തില്‍ ഉയര്‍ത്തിയില്ലെന്ന വിമര്‍നവും ഉയര്‍ന്നിരുന്നു.
Read Also : ലോകായുക്ത ഭേതഗതി ഓർഡിനൻസിന് പിന്നിൽ ആഭ്യന്തര,നിയമ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ; സിപിഐ അസിസ്റ്റന്റ് സെക്രട്ടറി
ഭരണഘടന സംരക്ഷണത്തിനെന്ന് സര്‍ക്കാര്‍
പരാതിയില്‍ ഉന്നയിക്കപ്പെടുന്ന അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. അതില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് ബന്ധപ്പെട്ട അധികാരിക്ക് (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. എന്നാല്‍, ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമനാധികാരി ഗവര്‍ണറായിരിക്കെ, ലോകായുക്തയ്ക്ക് അവരെ നീക്കാന്‍ അധികാരം നല്‍കിയതു ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കുന്നതല്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.
ലോകായുക്ത കണ്ടെത്തുന്ന കാര്യത്തില്‍ അപ്പീലിനുള്ള അധികാരം പോലുമില്ലാത്തതു ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്നു. ലോകായുക്ത നിയമം, സംസ്ഥാന നിയമമാണ്. ഈ വിഷയം പൊതു പട്ടികയിലാണ്. ലോകായുക്ത ഭരണഘടനാ സ്ഥാപനമല്ലെന്നും അര്‍ധ ജുഡീഷ്യല്‍ സ്ഥാപനം മാത്രമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Read Also : ലോകായുക്ത ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നു; വിഷയം ചർച്ച ചെയ്യണം: കാനം രാജേന്ദ്രൻ
ജഡ്ജിയുടെ യോഗ്യതയിലും ഇളവ്
ലോകായുക്ത ജഡ്ജിയുടെ യോഗ്യത ഇളവ് ചെയ്യാനുള്ള നിര്‍ദേശവും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ചവരെയാണ് ലോകായുക്തയായി നിയമിക്കുന്നത്. പുതിയ നിയമ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഉപലോകായുക്തയാകാന്‍ കഴിയുക. 2020ല്‍ ഡിസംബറില്‍ തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് ആയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ആഭ്യന്തര വകുപ്പിനോട് ഭേദഗതി നിര്‍ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയല്‍ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. എജിയുടെ നിയമോപദേശ പ്രകാരമാണ് ഓര്‍ഡിനന്‍സ് എന്നാണ് സര്‍ക്കാര്‍ വാദം.
ലോകായുക്ത
സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്‍പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ള അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനഃപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്തയ്ക്ക് പരാതികള്‍ നല്‍കി ചോദ്യം ചെയ്യാം.
തുടക്കം
1966ല്‍, മൊറാര്‍ജി ദേശായി സമര്‍പ്പിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമായി ലോക്പാല്‍, ലോകായുക്ത എന്നീ രണ്ടു ഭരണഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ എന്നിവരെയാണ് ലോകായുക്ത നിയമനത്തിന് പരിഗണിക്കുക. അഞ്ചു വര്‍ഷമാണ് കാലാവധി. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും സംസ്ഥാനത്തെ ലോക്സഭാ പ്രതിനിധിയോ, നിയമസഭാ പ്രതിനിധിയോ ആകാന്‍ പാടില്ല. ശമ്പളം ലഭിക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെയും, സ്വന്തമായി ബിസിനസ് നടത്തുന്നവരെയും ലോകായുക്ത നിയമനത്തിന് പരിഗണിക്കാറില്ല. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ക്കാണ് ലോകായുക്തയെ നിയമിക്കാനുള്ള അധികാരം. കേരളത്തില്‍ 1998 നവംബര്‍ 15ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് സംവിധാനം രൂപീകരിച്ചത്. ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും അടങ്ങിയതാണ് സംവിധാനം.
Read Also : ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരം; ഗവർണർ ഒപ്പിട്ടു
ആസ്ഥാനം തിരുവനന്തപുരത്ത്
തിരുവനന്തപുരത്താണ് ലോകായുക്തയുടെ ആസ്ഥാനം. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്താറുണ്ട്. ചെലവുകളേതുമില്ലാതെ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. നേരിട്ടോ വക്കീല്‍ മുഖാന്തരമോ പരാതി നല്‍കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നപക്ഷം, പരാതിക്കിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വേണ്ട നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകായുക്ത സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. പക്ഷേ, ശിക്ഷ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യാം. പദവികളില്‍നിന്ന് നീക്കുക, തല്‍സ്ഥാനത്തുനിന്ന് തരം താഴ്ത്തുക, നിര്‍ബന്ധിത റിട്ടയര്‍മെന്റ് എടുക്കാന്‍ ശുപാര്‍ശ ചെയ്യുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക, ശാസന നല്‍കുക എന്നിങ്ങനെയാണ് ലോകായുക്ത സാധാരണയായി നല്‍കാറുള്ള ശുപാര്‍ശകള്‍.
ആര്‍ക്കെല്ലാം എതിരെ പരാതി നല്‍കാം?
- ഇപ്പോഴത്തെയോ മുന്‍പത്തെയോ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍
- തദ്ദേശഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍
- തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍
- രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികള്‍
- സര്‍ക്കാര്‍ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍
- സര്‍വകലാശാലകള്‍
- പൊതുമേഖല സ്ഥാപനങ്ങള്‍
- (പഞ്ചായത്ത്/മുന്‍സിപ്പല്‍ അംഗങ്ങള്‍, അവിടത്തെ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരായ പരാതികള്‍ ലോകായുക്തയില്‍ സമര്‍പ്പിക്കാന്‍ സാധ്യമല്ല)
പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ?
- എതിര്‍കക്ഷിയുടെ പദവിയും ഔദ്യോഗിക മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം.
- പരാതി കൃത്യമായി അക്കമിട്ട് എഴുതണം.
- ലളിതവും കൃത്യവും ആയിരിക്കണം. പ്രിന്റ് ചെയ്തതാണെങ്കില്‍ നല്ലത്.
- പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കണം.
- എതിര്‍കക്ഷി പാസാക്കാനുള്ള ഓര്‍ഡറിനെതിരെയും സ്റ്റേ വാങ്ങാം.
- അഭിഭാഷകന്‍ അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്ക്കണം.
- നോട്ടീസ് അയയ്ക്കാന്‍ ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവറുകള്‍ ഉണ്ടായിരിക്കണം.
- പരാതിയുടെ നാലു കോപ്പികള്‍ സമര്‍പ്പിക്കേണ്ടതാണ്.
- പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി കേരള ലോകായുക്ത രജിസ്ട്രാര്‍ക്കാണ് അയക്കേണ്ടത്.
- രജിസ്ട്രാര്‍ക്ക് നേരിട്ടോ, വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലോ പരാതി സമര്‍പ്പിക്കാം.
- പരാതി കൊടുത്തശേഷം അടുത്ത സിറ്റിങ്ങിനു നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടി വരും.
- ഏതുസമയത്തും പരാതി പിന്‍വലിക്കാം, യാതൊരു ശിക്ഷാ നടപടികളും ഉണ്ടായിരിക്കുകയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here