ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് സാരി ഞൊറിഞ്ഞുടുത്ത് യുവതി; ‘ബ്ലൂ ലേസ് പിടിപ്പിച്ച സാരി’ ട്രെന്‍ഡിംഗ്

ഉരുളക്കിഴങ്ങ് ചിപ്‌സുകള്‍ തുറക്കുമ്പോള്‍ തന്നെ സ്വയമറിയാതെ തീരുന്നുവെന്നാണ് പലരുടേയും പരാതി. രുചിയറിഞ്ഞ് വരുമ്പോഴേക്കും ഓരോ പാക്കറ്റുകളും കാലിയാകുന്നതിനാല്‍ പലരും കുറേയെറെ പാക്കറ്റുകള്‍ വാങ്ങിച്ചുകൂട്ടി വിശ്രമവേളകള്‍ ആനന്ദകരമാക്കാറാണ് പതിവ്. ഓരോ സൗഹൃദ സദസുകളും പിരിയുമ്പോള്‍ അതിനാല്‍ത്തന്നെ ഒട്ടനേകം ചിപ്‌സ് കാലി കവറുകളും ബാക്കിയാകാറുണ്ട്. പല വര്‍ണത്തിലുള്ള ഈ പാക്കറ്റുകള്‍ വെറുതെ വലിച്ചെറിഞ്ഞ് കളയാനാണ് സാധാരണ ഗതിയില്‍ എല്ലാവരും ശ്രമിക്കുക. പക്ഷേ ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍ ഈ പാക്കറ്റുകളെ പലതുമാക്കി മാറ്റാം. ലെയ്‌സ് പാക്കറ്റുകളെ ലേസായി തുന്നിച്ചേര്‍ത്ത് ഒരു ട്രെന്‍ഡി സാരി ഞൊറിഞ്ഞുടുക്കുക വരെ ചെയ്യാം. ഇങ്ങനെയൊരു കിടിലന്‍ ക്രിയേറ്റിവിറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ലെയ്‌സ് ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ നിരവധി പാക്കറ്റുകള്‍ കൂട്ടിത്തുന്നിയെടുത്ത് മനോഹരമായ സാരിയായി അണിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചുതുടങ്ങിയത്. പാക്കറ്റുകളുടെ മറുവശമുള്ള തിളങ്ങുന്ന വെള്ളി നിറമാണ് സാരിയുടെ ബോഡി മുഴുവന്‍. നീല നിറത്തിലുള്ള ചിപ്‌സ് കവറുകള്‍ സാരിയുടെ ബോഡറായും ഉപയോഗിച്ചുകൊണ്ടാണ് സൂപ്പര്‍ ക്രിയേറ്റിവിറ്റി.
സാരിയോടും ബ്ലൂ ലെയ്‌സുകളോടുമുള്ള സ്‌നേഹത്തിനായ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. സാരി നിര്‍മിച്ച യുവതിയുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത് 5735 ലൈക്കുകളാണ്. സാരി നിര്‍മിച്ചിരിക്കുന്നത് ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ടാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരുടേയും കമന്റ്. സ്വയം ഒരു സ്വാദിഷ്ടമായ ഭക്ഷണം പോലെ പ്രത്യക്ഷപ്പെടാന്‍ പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നുവെന്നും കമന്റുകളുണ്ട്.
Story Highlights: saree using lays packets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here