വിപണി: മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്കൊടുവില്‍ നേട്ടത്തില്‍ തിരിച്ചെത്തി സൂചികകള്‍

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്കുശേഷം വീണ്ടും നേട്ടത്തിലേക്ക് മടങ്ങിയെത്തി വിപണി. സെന്‍സെക്‌സ് 187.39 പോയിന്റുകളുടെ നേട്ടത്തിലും നിഫ്റ്റി 53.20 പോയിന്റുകളുടെ നേട്ടത്തിലുമാണ് ഇന്ന് മാര്‍ക്കറ്റ് അടച്ചത്. വിപണി അടയ്ക്കുമ്പോള്‍ സെന്‍സെക്‌സ് 57808.58 പോയിന്റ് നിലയിലായിരുന്നു. 1062 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടം കൊയ്തപ്പോള്‍ 2180 ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 83 ഓഹരികളാണ് ഇന്ന് മാറ്റമില്ലാതെ തുടര്‍ന്നത്.
ടാറ്റ സ്റ്റീല്‍സാണ് ഇന്ന് വിപണിയില്‍ ഏറ്റവുമധികം നേട്ടമുണ്ടായക്കിയത്. ടാറ്റ ഓഹരികളുടെ മൂല്യം 3.1 ശതമാനം വര്‍ധിച്ചു. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി എന്നിവയുടെ ഓഹരിമൂല്യം 2 ശതമാനത്തോളം ഉയര്‍ന്നു. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്ന് കനത്ത തിരിച്ചടി നേരിട്ടു. 1.66 ശതമാനം ഇടിവാണ് ഈ സ്ഥാപനം ഇന്ന് വിപണിയില്‍ നേരിട്ടത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അള്‍ട്രാടെക് സിമന്റ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളും ഇന്ന് മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
യു എസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ക്രൂഡ് ഓയില്‍ വില 90 ഡോളറിന് മുകളില്‍ തുടരുന്നതും വിപണിയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനായുള്ള അവലോകന യോഗം ആരംഭിച്ചിട്ടുണ്ട്. യു എസ് ബോണ്ടുകളില്‍ നിന്നുള്ള പലിശ നിരക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണിയിലടക്കം നിക്ഷേപിക്കുന്നത് ലാഭകരമല്ലെന്ന് പല വിദേശ നിക്ഷേപകരും വിലയിരുത്തിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വ്യാപകമായി വിദേശനിക്ഷേപകര്‍ പിന്‍വാങ്ങിയതാണ് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് കാരണമായത്.
Story Highlights: stock market today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here