Advertisement

ഹിജാബ് വിവാദം; കര്‍ണാടക അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

February 9, 2022
2 minutes Read

കര്‍ണാടക ഉഡുപ്പിയിലെ പി.യു കോളജില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ കയറാന്‍ അനുവദിക്കാത്ത കോളജ് അധികൃതരുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ ഐക്യദാര്‍ണ്ഡ്യ കൂട്ടായ്മ സംഘടിപ്പിച്ചത്.

കര്‍ണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് നിരോധിക്കണം എന്നാവശ്യപ്പെട്ട് തെലങ്കാനയില്‍ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം. വസ്ത്രധാരണ രീതി നിര്‍ബന്ധമായും പാലിക്കണമെന്നും ഹിജാബ് അനുവദിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കണമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ അള്ളാഹു അക്ബര്‍ മുഴക്കിയ ശിവമോഗ പി.യു കോളേജിലെ മുസ്‌കന്‍ എന്ന പെണ്‍കുട്ടി ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Read Also : ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധങ്ങൾക്ക് നിരോധനം

‘ബുര്‍ഖ ധരിച്ചതുകൊണ്ടു മാത്രമാണ് അവരെന്നെ അകത്ത് കയറാന്‍ അനുവദിക്കാത്തത്. എനിക്ക് തീരെ ഭയമില്ലായിരുന്നു,
അവര്‍ ജയ്ശ്രീറാം മുഴക്കി എനിക്ക് നേരെ വന്നപ്പോഴാണ് ഞാന്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അധ്യാപകരും പ്രിന്‍സിപ്പലും മറ്റ് ജീവനക്കാരും എന്നെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. പ്രശ്‌നങ്ങളുണ്ടാക്കിയവരില്‍ ഭൂരിഭാഗം പേരും അവിടെ പഠിക്കുന്നവര്‍ പോലുമല്ല. എനിക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് അവിടെ പഠിക്കുന്നവര്‍.

കഴിഞ്ഞ ആഴ്ച മുതലാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. ഹിജാബും ബുര്‍ഖയും തന്നെയായിരുന്നു ഞങ്ങള്‍ എപ്പോഴും ധരിക്കാറുണ്ടായിരുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കുകയും ക്ലാസിലെത്തിയാല്‍ അവ ഊരി മാറ്റുകയുമാണ് പതിവ്. ഹിജാബ് ധരിക്കുന്നതില്‍ പ്രിന്‍സിപ്പലിന് പോലും പ്രശ്‌നമുണ്ടായിരുന്നില്ല. പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. എന്റെ ക്ലാസിലെ മറ്റ് കുട്ടികളും ഹിന്ദു മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളും എന്നെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്.’ മുസ്‌കന്‍ വ്യക്തമാക്കുന്നു.

Story Highlights: Hijab Row, malayali students protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top