ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം; ഇന്ത്യന്‍ കരസേനയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ കരസേനയുടെ പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ നിന്നുള്ള രക്ഷാദൗത്യ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
‘വളരെ ആശ്വാസകരമായ വാര്‍ത്തയാണ് ഇന്ന് നമ്മളിലേക്കെത്തിയത്. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷപെടുത്താന്‍ സാധിച്ചു. നാടൊന്നാകെ ആഗ്രഹിച്ച കാര്യമാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ കരസേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റിലെ സൈനികര്‍, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരോടെല്ലാം നന്ദി പറയുകയാണ്.
കേരള പൊലീസ്, എന്‍ഡിആര്‍എഫ്, വനംവകുപ്പ്, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, നാട്ടുകാര്‍, മെഡിക്കല്‍ സംഘം എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണഭാരത ഏരിയ ജിഒസി ലെഫ്.ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. ബാബുവിന്റെ ചികിത്സയ്ക്കായി എല്ലാ ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് ബാബുവിനെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപെടുത്തിയത്.
വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്.
Read Also : ബാബുവിനെ തേടിയെത്തുന്നത് പ്രളയത്തിൽ നമ്മുടെ കൈപിടിച്ച സൈനികൻ; ആരാണ് കേണൽ ഹേമന്ദ് രാജ്?
ചെറാട് മലയില്‍ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോള്‍ സൈന്യം ഭക്ഷണവും വെള്ളവും നല്‍കി. സുരക്ഷാ ബെല്‍റ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.
Story Highlights: pinarayi vijayan, indian army, babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here