Advertisement

ബാബുവിനെ തേടിയെത്തുന്നത് പ്രളയത്തിൽ നമ്മുടെ കൈപിടിച്ച സൈനികൻ; ആരാണ് കേണൽ ഹേമന്ദ് രാജ്?

February 9, 2022
2 minutes Read
babu rescue hemand raj

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കെ ബാബു എന്ന യുവാവ് കുടുങ്ങിയിട്ട് രണ്ട് ദിവസങ്ങളുടെ ദൂരമായിരിക്കുന്നു. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ട സംഘം ഇപ്പോൾ മലയുടെ മുകളിലെത്തി. വരും മണിക്കൂറിൽ തന്നെ ബാബുവിനെ രക്ഷാസംഘം ബാബുവിനെയുമായി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് നമ്മൾ. അപൂർവങ്ങളിൽ അപൂർവമായ ഈ രക്ഷാദൗത്യത്തെ നയിക്കുന്നത് കേണൽ ഹേമന്ദ് രാജ് എന്ന മലയാളി സൈനികനാണ്. ആ പേര് നമ്മൾ മുൻപ് കേട്ടിട്ടുണ്ട്, 2018ൽ! (babu rescue hemand raj)

ചെങ്ങന്നൂരുകാരനാണ് ഹേമന്ദ് രാജ്. ഓഗസ്റ്റ് 18 മുതൽ ഹേമന്ദിന് ഓണാവധി ലഭിച്ചു. നാട്ടിൽ പോയി ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ കണ്ട് അവർക്കൊപ്പം ഓണം ആഘോഷിക്കാനായാണ് അദ്ദേഹം ഡൽഹിയിൽ വിമാനം കയറാനെത്തിയത്. ഡൽഹിയിലെത്തിയപ്പോൾ അറിഞ്ഞു, നാട്ടിൽ വെള്ളപ്പൊക്കമാണ്. വെറും വെള്ളപ്പൊക്കമല്ല, വമ്പൻ പ്രളയം. ആളുകൾ ഒഴുകിപ്പോകുന്നു. വീടുകൾ തകരുന്നു. മാനുഷർ ഒറ്റക്കെട്ടായി പരസ്പര സഹായത്തിനിറങ്ങുന്നു. തൻ്റെ കുടുംബം മുഴുവൻ ദുരിതാശ്വാസ ക്യാമ്പിലാണ്. നാട് വെള്ളത്തിലാണ്. ഡൽഹിയിൽ നിന്ന് കൊച്ചിക്കുള്ള തൻ്റെ വിമാനം ക്യാൻസലായെന്നും ഹേമന്ദ് മനസ്സിലാക്കി. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്നായി ഹേമന്ദ്. ആ നിമിഷം മുതൽ അദ്ദേഹം വീണ്ടും സൈനികനായി.

Read Also : ഇന്നലെ ഇരുന്ന പൊത്തില്‍ നിന്ന് ബാബു അല്‍പം കൂടി താഴേക്ക് വന്നെന്ന് സൂചന

അദ്ദേഹം ഉടൻ ഇൻഡിഗോ അധികൃതരെ ബന്ധപ്പെട്ടു. തിരുവനന്തപുരത്തേക്ക് വിമാനം തരപ്പെടുത്താൻ അവരോട് അഭ്യർത്ഥിച്ചു. സൈനികൻ്റെ യൂണിഫോമിനെ ബഹുമാനിച്ച് വിമാനം തിരുവനന്തപുരത്തേക്ക്. ഓഗസ്റ്റ് 19 അർദ്ധരാത്രി 2 മണിയ്ക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. എത്തിയ ഉടൻ അദ്ദേഹം വ്യോമസേനയുമായി ബന്ധപ്പെട്ട് തന്നെ ചെങ്ങന്നൂരിലേക്ക് എയർ ഡ്രോപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ചെങ്ങന്നൂരിലെ സ്ഥിതി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കി. സൈന്യത്തിൽ നിന്ന് വിരമിച്ച ചിലരെയും തൻ്റെ സുഹൃത്തുക്കളെയും ചില കോളജ് വിദ്യാർത്ഥികളെയും ചേർത്ത് അദ്ദേഹം ചെങ്ങന്നൂരിൽ 35 പേരടങ്ങുന്ന ഒരു രക്ഷാ സംഘത്തിനു നേതൃത്വം നൽകി. ഇവർക്കൊപ്പം മത്സ്യത്തൊഴിലാളികളും ചേർന്നു. ഈ സംഘം ചെങ്ങന്നൂരിലെ വിവിധ ഇടങ്ങളിൽ നിന്ന് രക്ഷിച്ചെടുത്തത് ഒട്ടേറെ ജീവനുകളെയാണ്. ടൺ കണക്കിനു ഭക്ഷണവും ഇവർ എത്തിച്ചുനൽകി.

മനുഷ്യസ്നേഹിയായ, മിടുക്കനായ സൈനികനാണ് ബാബുവിനരികിലേക്ക് പോയിരിക്കുന്നത്. ഏറ്റവും നല്ല വാർത്തയ്ക്കായി നമുക്ക് കാത്തിരിക്കാം.

Story Highlights: k babu malampuzha rescue lt col hemand raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top