ഇന്നലെ ഇരുന്ന പൊത്തില്‍ നിന്ന് ബാബു അല്‍പം കൂടി താഴേക്ക് വന്നെന്ന് സൂചന

പാലക്കാട് മലമ്പുഴ മലയുടെ മുകളില്‍ ബാബു എന്ന യുവാവ് കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് 40 മണിക്കൂറിലേറെയായി. ബാബുവിനെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്നലെ കുടുങ്ങിക്കിടന്ന പൊത്തില്‍ നിന്നും അല്പം താഴേയ്ക്ക് ഇറങ്ങി മറ്റൊരു പൊത്തിലാണ് ബാബു നിലവില്‍ കുടുങ്ങിയിരിക്കുന്നതെന്ന സൂചനയാണ് 24 ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളിലുള്ളത്. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ബാബുവിന് അല്‍പ്പം കൂടി താഴേക്ക് വരാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സൂചന.
ബാബുവിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ 24ന് ലഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തില്‍ എഴുന്നേറ്റ് നിന്ന് ഡ്രോണ്‍ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറില്‍ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകള്‍ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്.
ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടു. ദൗത്യ സംഘം തന്നെയാണ് ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍.
Story Highlights: babu rescue operation new photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here