മകളുടെ ഫോട്ടോ കാണിച്ച് വിവാഹ വാഗ്ദാനം; അമ്മയും അച്ഛനും ചേര്‍ന്ന് തട്ടിയത് 11 ലക്ഷം

വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ച് 11 ലക്ഷം രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍, ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ സ്വദേശി റാഷിദ എന്നിവരാണ് പിടിയിലായത്. അരീക്കോട് കച്ചവടം നടത്തുന്ന വാജിദിനെയാണ് ഇവര്‍ കബളിപ്പിച്ചത്. അദ്ദേഹത്തിന്റെ പരാതിയിലാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.
അനാഥയും നിര്‍ധനയുമായ യുവതിയെ വിവാഹം ചെയ്യാനാണ് വാജിദ് ആഗ്രഹിച്ചിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. താന്‍ അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതിയാണെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിലൂടെ റാഷിദ വാജിദിനെ പരിചയപ്പെടുന്നത്. റാഷിദയാണെന്ന് പറഞ്ഞ് യുവാവിനെ കാണിച്ചിരുന്നത് രണ്ടാമത്തെ മകളുടെ ഫോട്ടോ ആയിരുന്നു. മകളുടെ ഫോട്ടോ കാണിച്ച് താന്‍ തൃശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും ക്യാന്‍സര്‍ രോഗിയാണെന്നും റാഷിദ വാജിദിനെ വിശ്വസിപ്പിച്ചു.
യുവതിയോട് അനുകമ്പ തോന്നിയ വാജിദ് 2021 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി 11 ലക്ഷം രൂപയോളമാണ് റാഷിദയുടെ അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയത്. വിവാഹക്കാര്യം പറയുമ്പോള്‍ യുവതി ഒഴിഞ്ഞു മാറുകയായിരുന്നെന്നും ഇതുവരേയും നേരിട്ട് കാണാന്‍ സമ്മതിച്ചിരുന്നില്ലെന്നും വാജിദ് പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേല്‍വിലാസം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം യുവാവ് മനസിലാക്കുന്നത്. അങ്ങനെയാണ് ഇദ്ദേഹം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്.
Story Highlights: 11 lakh swindled out of marriage by showing daughter’s photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here