Advertisement

ചാരിറ്റി തട്ടിപ്പ്; മാധ്യമപ്രവർത്തകയുടെ 1.77 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

February 11, 2022
Google News 1 minute Read

മാധ്യമപ്രവർത്തക റാണ അയ്യൂബിൻ്റെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചെന്നാണ് റാണയ്‌ക്കെതിരായ ആരോപണം. പരാതിയെ തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസ് കേസെടുത്തിരുന്നു.

വികാസ് സാംകൃത്യായൻ എന്നയാൾ 2021 ഓഗസ്റ്റ് 28-ന് നൽകിയ പരാതിയിലാണ് എഫ്‌ഐആർ ചുമത്തിയത്. ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ “കെറ്റോ” വഴി മൂന്ന് കാമ്പെയ്‌നുകളിലായി അയ്യൂബ് കോടികൾ സമാഹരിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

2020 ഏപ്രിൽ-മെയ് മാസങ്ങളിൽ ചേരി നിവാസികൾക്കും കർഷകർക്കും വേണ്ടി ഫണ്ട് ശേഖരിച്ചിരുന്നു. 2020 ജൂൺ-സെപ്റ്റംബർ കാലയളവിൽ അസം, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും, 2021 മെയ്-ജൂൺ കാലയളവിൽ കൊവിഡ് സഹായം എന്ന പേരിലും റാണ പണം സമാഹരിച്ചതായി എഫ്‌ഐആർ വ്യക്തമാകുന്നു.

ആകെ 2.69 കോടി (2,69,44,680) രൂപ റാണ അയ്യൂബ് സമാഹരിച്ചു. ഈ തുകയിൽ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും, സഹോദരി ഇഫ്ഫത്ത് ഷെയ്ഖിന്റെ അക്കൗണ്ടിൽ 37 ലക്ഷം രൂപയും പിതാവ് മൊഹമ്മദിൻ്റെ അക്കൗണ്ടിൽ 1.60 കോടി രൂപയും നിക്ഷേപിച്ചു. ആരോപണം ഉയർന്നതോടെ ഫണ്ടുകളെല്ലാം പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

അന്വേഷണം ആരംഭിച്ചതോടെ 31.16 ലക്ഷം രൂപയുടെ ചെലവ് രേഖകൾ അയ്യൂബ് സമർപ്പിച്ചു. പിന്നീട് കണക്കുകൾ തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. യഥാർത്ഥ ചെലവ് 17.66 ലക്ഷം രൂപ മാത്രമാണെന്ന് സംഘം അറിയിച്ചു. മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചെലവുകൾക്കായി ചില സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ബില്ലുകൾ അയ്യൂബ് തയ്യാറാക്കിയതായി കണ്ടെത്തി. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് ചാരിറ്റിയുടെ പേരിൽ ഫണ്ട് സമാഹരിച്ചതെന്നും അവ പ്രഖ്യാപിത ആവശ്യത്തിനായി പൂർണ്ണമായും വിനിയോഗിച്ചില്ലെന്നും ഇഡി ആരോപിച്ചു.

Story Highlights: journalist-rana-ayyub-assets-attached

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here