സിപിഐ എം സംസ്ഥാന സമ്മേളന തീയതിയില്‍ മാറ്റമില്ലെന്ന് കോടിയേരി

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍ച്ച് ഒന്നുമുതല്‍ നാലു വരെ എറണാകുളത്തായിരിക്കും സംസ്ഥാന സമ്മേളനം. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആറും നിര്‍ബന്ധമാക്കിയതായും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പങ്കാളിത്തം മാത്രമായിരിക്കുക അനുവദിക്കുക. ആ ആസാഹചര്യത്തില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. എറണാകുളത്ത് എല്ലാ ബ്രാഞ്ചിലും മറ്റു ജില്ലകളില്‍ എല്ലാ ലോക്കല്‍ കമ്മിറ്റികളിലും പൊതുസമ്മേളനം ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനമായി വെട്ടിച്ചുരുക്കി 15,16 തീയതികളില്‍ പൂര്‍ത്തീകരിക്കും. കൂടാതെ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള ഫണ്ട് പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്താനും തീരുമാനിച്ചതായി കോടിയേരി അറിയിച്ചു. ഇതിന്റെ ഭാഗമായി 14, 15 ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ എല്ലാ വീടുകളിലും ഗൃഹസന്ദര്‍ശനങ്ങള്‍ സംഘടിപ്പിച്ചും തൊഴില്‍ശാലകള്‍ സന്ദര്‍ശിച്ചും പൊതുയിടങ്ങളില്‍ സംഘടിക്കുന്ന ജനങ്ങളെ നേരില്‍ കണ്ടുമെല്ലാം ഫണ്ട് പിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കമ്മിറ്റി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൂടാതെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം 19ന് പതാക ദിനം ആചരിക്കും. എറണാകുളം ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും പാര്‍ട്ടി അംഗങ്ങളേയും അനുഭാവികളേയും പങ്കെടുപ്പിച്ച് ഒന്നില്‍ കുറയാത്തിടങ്ങളില്‍ പതാകദിനമാചരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here