Advertisement

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കോണ്‍ഗ്രസ് സഹായിക്കുന്നു: അമിത് ഷാ

February 12, 2022
Google News 1 minute Read

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഉത്തരാഖണ്ഡില്‍ സ്ഥിരതാമസമാക്കാന്‍ സഹായിക്കുകവഴി കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധാമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സംസ്ഥാനത്തുനിന്നും തുടച്ചുനീക്കുമെന്ന് അമിത് ഷാ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് വാക്ക് നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് ഭരണകാലത്ത് ദേശീയ സുരക്ഷ അവഗണിക്കപ്പെടുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനാല്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈനികരെ തൊടാന്‍ ശത്രുക്കള്‍ ധൈര്യപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തരാഖണ്ഡില്‍ മുസ്ലീം സര്‍വകലാശാല നിര്‍മ്മിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സര്‍വകലാശാലയില്‍ മതപരമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അമിത് ഷാ ചോദിച്ചു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

ദേശീയ സുരക്ഷാ വിഷയം ഉന്നയിച്ച് തന്നെയാണ് ഇന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡില്‍ പ്രചരണം നടത്തിയത്. ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലില്ലായിരുന്നെങ്കില്‍ തങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നും തുരത്തിയ ക്രിമിനലുകള്‍ ഇവിടെ എത്തിപ്പെട്ടേനെയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടുചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കരുതെന്നും ഒരു ചെറിയ പിഴവുപോലും ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉത്തരാഖണ്ഡില്‍ പറഞ്ഞു. ക്രിമിനലിസത്തോട് സന്ധിയില്ലാത്ത പോരാട്ടമാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നടത്തിവരുന്നതെന്നും യോഗി പറഞ്ഞു.

ദേശീയ സുരക്ഷയെ സംരക്ഷിച്ചു നിര്‍ത്തുന്ന രാജ്യത്തിന്റെ കോട്ടയാണ് ഉത്തരാഖണ്ഡെന്നും യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. ദേശീയ സുരക്ഷയുടെ ഈ അഭേദ്യമായ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡ് ശരിയായ വളര്‍ച്ചയുടെ പാതയിലാണ്. കൂടുതല്‍ മുന്നേറാനായി ഇനിയും ബിജെപിക്ക് ഒപ്പം നില്‍ക്കണമെന്നും യോഗി അഭ്യര്‍ഥിച്ചു.

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കുകയാണ്. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാര്‍ട്ടിയുടേത്.

Story Highlights: amit shah against congress in uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here