Advertisement

ഒരു നേതാവിന് ഒരു പദവി നയം: തൃണമൂലിനുള്ളില്‍ മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ തര്‍ക്കം രൂക്ഷം

February 12, 2022
Google News 2 minutes Read

തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ ഒരു നേതാവിന് ഒരു പദവിയെന്ന അഭിഷേകിന്റെ നയങ്ങളോട് തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളതാണ് മമത- അഭിഷേക് അഭിപ്രായ ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന. പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ സ്ട്രാടെര്‍ജി ഗ്രൂപ്പായ ഐ പാക്(ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) നിര്‍ദേശ പ്രകാരമാണ് അഭിഷേക് കാര്യങ്ങള്‍ ചെയ്യുന്നതെന്നതെന്നാണ് തൃണമൂലിനുള്ളിലെ ചില നേതാക്കളുടെ ആരോപണം. പാര്‍ട്ടിയില്‍ ഒരു നേതാവിന് ഒരു പദവിയെന്ന നയത്തെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ തങ്ങളുടെ സമ്മതമില്ലാതെ ഐ പാക് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റ് ചെയ്യുകയാണെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. അഭിഷേകാണ് ഇതിന് പിന്നിലെന്ന തരത്തിലാണ് ആരോപണം.

എന്നാല്‍ അനുവാദം കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചെന്ന ആരോപണം ഐ പാക് പൂര്‍ണമായി തള്ളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യാതൊരു വിധ ഡിജിറ്റല്‍ പ്രോപര്‍ട്ടിയും തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് പ്രശാന്ത് കിഷോറിന്റെ ഐ പാക് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പ്രതികരിക്കുകയായിരുന്നു. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് ഒന്നുകില്‍ വിവരമില്ലാത്തതാകാമെന്നും അല്ലെങ്കില്‍ അവര്‍ പച്ചക്കള്ളം പറയുന്നതാകാമെന്നും ഐ പാക് ട്വീറ്റ് ചെയ്തു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്- പ്രശാന്ത് കിഷോര്‍ അഭിപ്രായ ഭിന്നതയും വാക്പോരും മുറുകുകയാണ്.

അനുവാദമില്ലാതെ തൃണമൂല്‍ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടെന്ന് പാര്‍ട്ടി സ്വയം പരിശോധിക്കണമെന്നും ഐ പാക് ആവശ്യപ്പെടുകയായിരുന്നു. പശ്ചിമ ബംഗാള്‍ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണ് ആദ്യം ഐ പാകിന് നേരെ ആരോപണമുന്നയിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ഗ്രൂപ്പ് തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റുകളിട്ടെന്നായിരുന്നു അവരുടെ ആരോപണം. ഇതിനെതിരെ താന്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പോരാടുമെന്നും ഭട്ടാചാര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പശാന്ത് കിഷോര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്ലാനില്‍ നിന്ന് പുറത്തുപോകാനിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവാദമെന്നതാണ് ഏറെ ശ്രദ്ധേയം. തൃണമൂല്‍ കോണ്‍ഗ്രസും ഐ പാക്കും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ന് മമത ബാനര്‍ജി ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Story Highlights: conflict between mamta banarjee and and abhishek

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here