കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. ഇന്ന് ഉച്ചയോടെ മനുഷ്യാവകാശ കമ്മിഷന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തും.
ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
Read Also : കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി; പുകയില ഉല്‍പന്നങ്ങളും നിർമാണ യന്ത്രങ്ങളും പിടികൂടി
ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊല്‍ക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മില്‍ സെല്ലിനുള്ളില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നല്‍കിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതര്‍ അറിഞ്ഞത്. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രതിയുടെ മാനസികാവസ്ഥയും രോഗാവസ്ഥയും പരിശോധിച്ചാവും മറ്റ് നടപടികള്‍.
Story Highlights: kuthiravattam murder, human rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here