ഒന്നാം തരംഗകാലത്ത് കോണ്‍ഗ്രസ് കൊവിഡ് പരത്തിയെന്ന ആരോപണം: മറുപടി പറഞ്ഞ് പ്രിയങ്കാ ഗാന്ധി
കുടിയേറ്റത്തൊഴിലാളികള്‍ക്ക് കൊവിഡ് കാലത്ത് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അവസരമൊരുക്കുകവഴി കോണ്‍ഗ്രസ് രാജ്യത്ത് കൊവിഡ് പരത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. കൊവിഡ് കാലത്ത് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ റോഡിലൂടെ അലയുന്ന തൊഴിലാളികളെ സഹായിച്ചതാണോ കോണ്‍ഗ്രസ് ചെയ്ത തെറ്റെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. സ്വന്തം കടമ മാത്രമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
‘കുടിയേറ്റ തൊഴിലാളികളെ വീടണയാന്‍ സഹായിച്ചുകൊണ്ട് കൊവിഡ് കാലത്തും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വഴിയിലൂടെ അലഞ്ഞിരുന്ന തൊഴിലാളികളെ സഹായിച്ചതാണോ രാഷ്ട്രീയം? അതിലെന്താണ് രാഷ്ട്രീയം? പിന്നെ തൊഴിലാളികളെ തെരുവില്‍ ഉപേക്ഷിക്കുകയാണോ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്നത്?’. പ്രിയങ്കാ ഗാന്ധി ചോദിച്ചു. ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശങ്ങള്‍.
ഉത്തരാഖണ്ഡില്‍ കുടിയേറ്റം വര്‍ധിക്കുകയാണെന്നും സ്വന്തം സംസ്ഥാനത്ത് തൊഴില്‍ ലഭിക്കാന്‍ അവസരമില്ലാത്തതിനാലാണ് തൊഴിലാളികള്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. സ്വന്തം പുരോഗതിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ബിജെപിക്കാര്‍ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
ലോക്ഡൗണ്‍ കാലത്തെ സംഭവങ്ങള്‍ പരാമര്‍ശിച്ച് പാര്‍ലമെന്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ‘കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ജനങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരാനാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈ നഗരം വിടാനായി കോണ്‍ഗ്രസ് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്ത് നല്‍കി. കുടിയേറ്റ തൊഴിലാളികള്‍ നഗരം വിടണമെന്നാണ് ഡല്‍ഹി സര്‍ക്കാരും നിര്‍ദ്ദേശിച്ചത്. അവരും ബസുകള്‍ ഏര്‍പ്പെടുത്തി. ഇതിന്റെയെല്ലാം ഫലമായി പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നു.’ ഇതായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാര്‍ട്ടിയുടേത്.
Story Highlights: priyanka gandhi reply to modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here