റോയി വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ്; കെട്ടിച്ചമച്ചതാണെന്ന് അഞ്ജലി

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.
താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മകളെ മുന്‍നിര്‍ത്തിവരെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടും കള്ളപ്പണ ഇടപാടും ഹണിട്രാപും ഒക്കെ എന്റെമേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഞാനത് പുറത്തുപറയാതിരിക്കാനാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്’. അഞ്ജലി പ്രതികരിച്ചു
റോയ് വയലാറ്റ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നല്‍കാന്‍ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ഔഡി കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാര്‍ട്ടി ഹാളില്‍ സീരിയല്‍ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
ആഫ്റ്റര്‍ പാര്‍ട്ടി എന്ന പേരില്‍ മൂന്നാം നിലയിലെ റൂമില്‍ കൊണ്ടുപോയി. റൂമില്‍ പെണ്‍കുട്ടികളെയും യുവാക്കളെയും കണ്ടു. അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വിശദീകരിച്ചു. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.
Story Highlights: anjali vadakkepurakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here