Advertisement

അടുത്തുള്ള, കുന്നും മലേം കേറാന്‍ തോന്നിയില്ലെങ്കില്‍, നിങ്ങള്‍ക്ക് ‘കാര്യമായ് എന്തോ പ്രശ്‌നമുണ്ട്’

February 13, 2022
2 minutes Read

സാഹസികമായി മലകയറി ചേറാട് കുര്‍മ്പാച്ചിമലയില്‍ കുടിങ്ങിയ ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇത്തരത്തില്‍ ബാബുവിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സേഫ് സോണില്‍ ഇരുന്ന് ലോക കാര്യങ്ങള്‍ കാണുകയും പറയുകയും ചെയ്യുന്നവര്‍ക്ക് അവന് കിറുക്കാണെന്ന്, അരവട്ടാണെന്നൊക്കെ പറയാമെങ്കിലും, ബാബു തരുന്ന വലിയൊരു പോസറ്റീവ് എനര്‍ജിയെ അത്രവേഗം തള്ളിക്കളയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ സാഹസികരായ മനുഷ്യരാണ് ഈ ലോകത്തെ ഇത്രയും വിശാലവും മനോഹരവുമാക്കി തീര്‍ത്തതെന്ന് സുനില്‍കുമാര്‍ കാവിന്‍ചിറ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സുനില്‍കുമാര്‍ കാവിന്‍ചിറ പങ്കുവച്ച കുറിപ്പ് വായിക്കാം;

സാഹസികത മനുഷ്യസഹജമാണ്, സാഹസികത ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ കല്ലോ, മരമൊയൊക്കെ ആയേനെ…
തന്നെ, രക്ഷിച്ചതില്‍ ഒരു സൈനികന്‍ ബാബുവിനോട് ചോദിച്ചൊരു ചോദ്യമുണ്ട്.
”ഈ സാഹസികതയ്ക്ക്, പ്രേരിപ്പിച്ച ചേദോവികാരമെന്തായിരുന്നൂ…?
അതിന്, ബാബു നല്‍കിയ ഉത്തരമാണ് പൊളി, ”വീടിനടുത്തുള്ള, കുന്നും മലേം കേറാന്‍ തോന്നിയില്ലെങ്കില്‍, നിങ്ങള്‍ക്ക് കാര്യമായ് എന്തൊ പ്രശ്‌നമുണ്ട്.” കുസൃതി നിറഞ്ഞ, ഉത്തരമാണെന്ന് കരുതിയെങ്കില്‍ ആ ഉത്തരം നല്‍കുന്ന വലിയൊരു സന്ദേശമുണ്ട്.
സേഫ് സോണില്‍ ഇരുന്ന് ലോക കാര്യങ്ങള്‍ കാണുകയും പറയുകയും ചെയ്യുന്നവര്‍ക്ക് ‘അവന് കിറുക്കാണെന്ന്, ‘അരവട്ടാണെന്നൊക്കെ പറയാമെങ്കിലും, ബാബുതരുന്ന വലിയൊരു പോസറ്റീവ് എനര്‍ജിയെ അത്രവേഗം തള്ളികളയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ സാഹസികരായ മനുഷ്യരാണ് ഈ ലോകത്തെ ഇത്രയും വിശാലവും മനോഹരവുമാക്കി തീര്‍ത്തത്.
ടെന്‍സിങ്ങിനൊപ്പം, ‘സ്വര്‍ഗത്തിന്റെ അരിക്’ എന്ന് വിശേഷിപ്പിക്കുന്ന ഏവറസ്റ്റ് കീഴടക്കിയ ഹിലരി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ആദ്യം നടത്തിയ ഒരു സംസാരം ഇങ്ങനെയാണ്…. ”എല്ലാവരും പറയുന്നു, എവറസ്റ്റ് കീഴടക്കിയത് ഞങ്ങളാണെന്ന്, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. എവറസ്റ്റ് കീഴടക്കി ജീവനോടെ തിരിച്ചെത്തിയ ആളാണ് ഞാന്‍. ഒരുപക്ഷെ എവറസ്റ്റ് ആദ്യമായ് കീഴടക്കിയത് എനിക്ക് മുമ്പെ ജോര്‍ജ്ജ് മെലറിയായിരിക്കും…”
1953 ന് മുമ്പ്, ഏതാണ്ട് പത്ത്തവണ ഏവറസ്റ്റ് കീഴടക്കാന്‍ മെലറി ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ പത്ത് ശ്രമങ്ങളില്‍ ഒന്നില്‍ മെലറി വിജയിച്ചതായാണ് വിശ്വാസം. ഒരു മനുഷ്യനും അന്നുവരെ എത്തിയിട്ടില്ലാത്ത എവറസ്റ്റിന്റെ കൊടുമുടിയില്‍ ജോര്‍ജ് മെലറിയും, സാന്റി എര്‍വ്വിനും നില്‍കുന്ന ചിത്രം പിന്നിടുള്ള പര്‍വ്വതാരോഹര്‍ക്ക് ലഭിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞും, ശത്യകാറ്റും മൂലം പിന്നീടവര്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിച്ചില്ല. പിന്നീട് അവര്‍ക്കെന്ത് സംഭവിച്ചു എന്നതിന് ഒരു അറിവുമില്ലായിരുന്നു. പീന്നീട് അവരെ കുറിച്ച് ഒരു ഉത്തരം ലഭിക്കുന്നത് 1999 ലാണ്.
എവറസ്റ്റിനെ, കീഴടക്കാന്‍ പോയൊരു സംഘം, അകലെ എന്തൊ ഒരു വസ്തു, മഞ്ഞുമലയില്‍ സാധാരണ കാണത്ത ഒരു സാധനം ദൂരെനിന്ന് കാണുന്നു. അടുത്തുചെന്ന് നോക്കായപ്പോള്‍ അതൊരു മനുഷ്യന്റെ ഒരു മൃതശരീരമാണെന്ന് മനസിലായി. ചിലഭാഗങ്ങളൊക്കെ അഴുകി തുടങ്ങിയിരിക്കുന്നു, കുറച്ചൊക്കെ തുണിയുടെ ഭാഗങ്ങളുണ്ട്, അദേഹത്തിന്റെ പോക്കറ്റ് പരിശോധിച്ചപ്പോള്‍ മലകയറാന്‍ അദേഹം വാങ്ങിയ ഉപകരണങ്ങളുടെ ഒരു ബില്ലും കാണാന്‍ സാധിച്ചു, കോമ്പസ്സും, ഉയരം അളക്കാനുള്ള ഉപകരങ്ങളും, അദേഹത്തിന്റെ ഭാര്യയെ അഭിസംബോദന ചെയ്തുള്ള ഒരു പ്രണയലേഖനവും അദേഹത്തിന്റെ ബാഗില്‍ നിന്നും കണ്ടെടുത്തു. എന്നിട്ടും ഇതാരാണെന്ന് കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. അപ്പൊഴാണ് അദേഹത്തിന്റെ വസ്ത്രം ശ്രദ്ധിച്ച് നോക്കിയത് ആ വസ്ത്രത്തിന്റെ കീശയ്ക്ക് മുകളില്‍ അതാ ഒരു പേര് തുന്നിപിടിപ്പിച്ചിരിക്കുന്നു. അത് ഇങ്ങനെയായിരുന്നൂ, ജോര്‍ജ്ജ് മെലറി. എവറസ്റ്റ് കീഴടക്കി തിരിച്ച് വരും വഴി മരണപെടുകയായിരുന്നു മെലറി.
ജോര്‍ജ് മെലറി, ഒരു കാല്‍പനീകനായ കാമുകനായിരുന്നു, എവറസ്റ്റ് കീഴടക്കാന്‍ പോകുമ്പോള്‍ അദേഹം തന്റെ ഭാര്യക്കെഴുതിയ ഒരു പ്രണയലേഖനം കൂടി എഴുതി കൈയില്‍ വച്ചു. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്.. എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം നിന്റെ ചിത്രവും ഉണ്ട്, എവറസ്റ്റിന്റെ ഏറ്റവും മുകളില്‍ എത്തുമ്പോള്‍ ഞാന്‍ ആ ചിത്രമെടുത്ത് താഴത്ത് വെക്കും, അതില്‍ ചുംബിക്കും എന്നിട്ട് ആ കൊടുമുടിയുടെ എറ്റവും മുകളില്‍, നിന്റെ ചിത്രം ഞാനവിടെ വെച്ച് തിരിച്ച് വരും…
അദേഹത്തിന്റെ, ജീവനില്ലാത്ത ശരീരം എവറസ്റ്റിലേക്കുള്ള വഴിയില്‍ നിന്നും കണ്ടെടുത്ത് അദേഹത്തിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ചില ഉപകരണങ്ങള്‍ കിട്ടിയിരുന്നു, ദിശ നിര്‍ണയിക്കാനുള്ള കോമ്പസ് കിട്ടിയിരുന്നു, ഉയരം അളക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിരുന്നു. പക്ഷെ, എത്ര പരിശോധിച്ച് നോക്കിയിട്ടും അദ്ദേഹത്തിന്റെ ഭാര്യയുടെ ചിത്രം മാത്രം ലഭിച്ചിരുന്നില്ല.
എവറസ്റ്റ് കീഴടക്കാന്‍, യാത്രയായ ജോര്‍ജ് മെലറിയോട് തന്റെ നാട്ടുകാര്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. ഏയ് മനുഷ്യ, ഇങ്ങനെ ആരു കയറാത്ത ഇങ്ങനെ ഒരു മല കീഴടക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്…? അതിന് അദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.
അത് അവിടെ ഉള്ളത് കൊണ്ട് ഞാനത് കയറാനും, കീഴടക്കാനും ഇഷ്ടപെടുന്നു. എനിക്ക് എവറസ്റ്റ് കീഴടക്കിയാല്‍ സ്വര്‍ണ്ണമോ പണമൊ ഒന്നും കിട്ടില്ല, പക്ഷെ, അത് കീഴടക്കുകയാണ് എന്റെ സന്തോഷം.. നാളെ, ഞാന്‍ എവറസ്റ്റ് കീഴടക്കി തിരിച്ച് വന്നാല്‍ ഈ ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും അഭിമാനത്തോടെ പറയാനും പറ്റും എവറസ്റ്റിനെ കീഴടക്കിയവനാണ്, മനുഷ്യന്‍ ഞങ്ങള്‍ക്ക് അസാധ്യമായ് ഒന്നുമില്ലെന്ന്. എനിക് അത്രയെയുള്ളൂ, അത്ര ആഗ്രഹം മാത്രമെയുള്ളൂ..

പ്രിയപ്പെട്ട… ബാബു,
നീ ഇനിയും യാത്രകള്‍ തുടരണം…
നീ പറഞ്ഞത് പോലെ
”വീടിനടുത്തുള്ള, കുന്നും മലേം കേറാന്‍ തോന്നിയില്ലെങ്കില്‍, നിങ്ങള്‍ക്ക് കാര്യമായ് എന്തൊ പ്രശ്‌നമുണ്ട്.”
ഉച്ചക്ക് ഒരു മണിക്കുള്ള ഭക്ഷണം, 10 മിനിറ്റ് വൈകിയാല്‍ ബോധംകെട്ട് മലര്‍ന്നടിച്ച് വീഴുന്ന മനുഷ്യമാരുടെ നാട്ടില്‍ 54 മണിക്കുറ് ഒരിറ്റ് വെള്ളതുള്ളി പോലുമില്ലാതെ മരംകോച്ചുന്ന തണുപ്പിനെയും, ലാവ പോലെ ഉരുകിയൊലിക്കുന്ന കടുത്ത ചൂടും നിന്നെ ഒന്ന് തളര്‍ത്ത കൂടി ചെയ്തില്ലല്ലോ.
മകനെ… നീയാണ് യഥാര്‍ത്ഥ സാഹസികന്‍ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോണ്ടിരിക്കട്ടെ..

Story Highlights: babu facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top