‘നുണയനാണ്, അയാളെ പഞ്ചാബ് കൊള്ളയടിക്കാന്‍ അനുവദിക്കരുത്’; കെജ്രിവാളിനെതിരെ തിരിച്ചടിച്ച് ചന്നി

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട അരവിന്ദ് കെജ്രിവാളിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിംഗ് ചന്നി. തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ചന്നി കുറ്റപ്പെടുത്തി. മണല്‍ ഖനന വിഷയത്തില്‍ പഞ്ചാബ് പോലീസ് മേധാവിയുടെ ഉത്തരവിന്മേല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വാക്യങ്ങള്‍ കൂടി ഉദ്ധരിച്ചായിരുന്നു ചന്നിയുടെ മറുപടി.
തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന അരവിന്ദ് കെജ്രിവാള്‍ നുണയനാണെന്നും ചന്നി തിരിച്ചടിച്ചു. ഇന്ത്യയെ കൊള്ളയടിക്കുന്നതിനായി വിദേശികള്‍ എത്തിയതുപോലെയാണ് പഞ്ചാബിലേക്ക് പുറത്തുനിന്നും അരവിന്ദ് കെജ്രിവാളും കൂട്ടരുമെത്തുന്നതെന്ന് ചന്നി ആഞ്ഞടിച്ചു. പഞ്ചാബിനെ കൊള്ളയടിക്കാന്‍ ജനങ്ങള്‍ അവരെ അനുവദിക്കരുതെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
ചന്നി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ അനധികൃത മണല്‍ ഖനന വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് ഗവര്‍ണറെ സമീപിച്ചിരുന്നു. മന്ത്രിസഭയിലെ ചന്നി ഉള്‍പ്പെടെയുള്ളവര്‍ മണല്‍ ഖനനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. മണല്‍ ഖനനവുമായി നേരിട്ട് ബന്ധമുള്ളവരെ ചന്നി മന്ത്രിസഭയില്‍ തന്നെ നിലനിര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയും ആം ആദ്മി പാര്‍ട്ടി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചന്നി- കെജ്രിവാള്‍ വാക്‌പോര് രൂക്ഷമാകുകയാണ്. അനധികൃത മണല്‍ ഖനനക്കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അനന്തരവന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട സംഭവമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഈ മാസം 3നാണ് ഭൂപീന്ദര്‍ സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സി ഭൂപീന്ദര്‍ സിംഗിന്റെ ബിസിനസ്സ് പങ്കാളികള്‍ക്കൊപ്പം സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. മൊഹാലി, ലുധിയാന, ഫത്തേഗഡ് സാഹിബ്, രൂപ്നഗര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. ജനുവരി 18, 19 തീയതികളില്‍ നടത്തിയ റെയ്ഡുകളില്‍ ഭൂപീന്ദറില്‍ നിന്നും പങ്കാളി സന്ദീപ് കുമാറില്‍ നിന്നും 10 കോടി രൂപയും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
Story Highlights: charan singh channi against aravind kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here