ജയം തുടർന്ന് മുംബൈ; ഒഡീഷയെ തോൽപിച്ച് ആദ്യ നാലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തുടർച്ചയുമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് മുംബൈ ഒഡീഷയെ കീഴടക്കിയത്. മുംബൈക്കായി ഇഗോർ അംഗൂളോയും ബിപിൻ സിംഗും രണ്ട് ഗോൾ വീതം നേടിയപ്പോൾ ജൊനാതസ് ദെ ജീസസ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടി.
അർഹിച്ച ജയമാണ് മുംബൈ ഇന്ന് നേടിയത്. 41 മിനിട്ട് വരെ ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ പിന്നീടാണ് അഞ്ച് ഗോളുകൾ വീണത്. 41ആം മിനിട്ടിൽ അംഗൂളോയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ പിന്നെ ഗോളൊന്നും പിറന്നില്ല. 47ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ മുംബൈ ലീഡ് ഇരട്ടിയാക്കി. 70ആം മിനിട്ടിൽ അംഗൂളോയും 73ആം മിനിട്ടിൽ ബിപിനും വീണ്ടും സ്കോർ ചെയ്തു. 90ആം മിനിട്ടിൽ ജൊനാതസ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടി.
ജയത്തോടെ മുംബൈ 25 പോയിൻ്റുമായി പട്ടികയിൽ നാലാമത് എത്തി. സീസണിൽ മുംബൈയുടെ തുടർച്ചയായ രണ്ടാം ജയമാണ് ഇത്. തുടർച്ചയായ ഏഴ് മത്സരങ്ങൾക്കു ശേഷം കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയാണ് ചാമ്പ്യന്മാർ വിജയവഴിയിൽ തിരികെ എത്തിയത്. 15 മത്സരങ്ങളിൽ ഏഴ് കളി വിജയിച്ച അവർ 4 മത്സരങ്ങളിൽ പരാജയപ്പെട്ടു. 16 മത്സരങ്ങളിൽ നിന്ന് 21 പോയിൻ്റുള്ള ഒഡീഷ പട്ടികയിൽ ഏഴാമതാണ്.
Story Highlights: mumbai city won odisha isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here