ഗോവ പോളിംഗ് ബൂത്തിലേക്ക്; 40 മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
അഭിപ്രായ സർവ്വേകൾ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിൻ്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. പക്ഷേ, തൃണമൂല്‍ കോൺഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാർട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും നിർണായകമായിരിക്കും.
തീരദേശത്ത് ബിജെപിയെ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പനാജി നിയമസഭാ സീറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. പനാജിയെ പ്രതിനിധീകരിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറും ബിജെപിക്കെതിരെ പിതാവിന്റെ പനാജി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പനാജിയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു.
Story Highlights: goa-assembly-elections-2022-voting-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here