Advertisement

റിച്ച ഘോഷിനും മിതാലിക്കും ഫിഫ്റ്റി; 49ൽ വീണ് സബ്ബിനേനി മേഘന: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് റെക്കോർഡ് സ്കോർ

February 15, 2022
2 minutes Read
india women new zealand

ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് റെക്കോർഡ് സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി. ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ് ഇത്. ഇന്ത്യക്കായി 66 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ മിതാലി രാജ് ടോപ്പ് സ്കോററായപ്പോൾ റിച്ച ഘോഷ് 65 റൺസെടുത്ത് പുറത്തായി. ഓപ്പണർ സബിനേനി മേഘന ഫിഫ്റ്റിക്ക് ഒരു റൺ അകലെ വീണു. കിവീസിനായി സോഫി ഡിവൈൻ രണ്ട് വിക്കറ്റ് വീഴ്ത്തി. (india women new zealand)

സബ്ബിനേനിയും ഷെഫാലിയും ചേർന്ന് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമാണ്. പതിവിനു വിപരീതമായി ഷെഫാലി സാവധാനം സ്കോർ ചെയ്തപ്പോൾ മേഘന ആക്രമണ മോഡിലായിരുന്നു. കിവീസ് ബൗളർമാരെ നാലുപാടും പായിച്ച താരം വേഗത്തിലാണ് സ്കോർ ചെയ്തത്. ഇതിനിടെ ഷെഫാലി വീണു. 24 റൺസെടുത്ത താരം റോസ്മേരി മൈറിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിൽ സബ്ബിനേനിയുമായി 61 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് താരം പുറത്തായത്.

മൂന്നാം നമ്പറിലെത്തിയ യസ്തിക ഭാട്ടിയയും മികച്ച രീതിയിൽ ബാറ്റ് വീശി. രണ്ടാം വിക്കറ്റിൽ സബ്ബിനേനിയും യസ്തികയും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത യസ്തികയെ മടക്കിയ സോഫി ഡിവൈൻ ഈ കൂട്ടുകെട്ട് തകർത്തു. തൊട്ടടുത്ത ഓവറിൽ സബ്ബിനേനിയും പുറത്ത്. 50 പന്തിൽ 49 റൺസെടുത്ത താരത്തെ അമേലിയ കെർ പുറത്താക്കി. ഹർമൻപ്രീത് കൗർ (10) വേഗം പുറത്തായി.

അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷും മിതാലി രാജും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്. ടി-20 ശൈലിയിൽ ബാറ്റ് വീശിയ റിച്ചയ്ക്ക് മിതാലി തകർപ്പൻ പിന്തുണ നൽകി. 108 റൺസിൻ്റെ ഗംഭീര കൂട്ടുകെട്ടിലാണ് സഖ്യം പങ്കായത്. 29ആം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിൽ ഒത്തുചേർന്ന ഇവർ 46ആം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എന്ന സ്കോറിലാണ് വേർപിരിയുന്നത്. 64 പന്തിൽ 6 ബൗണ്ടറിയും ഒരു സിക്സറും സഹിതം 65 റൺസ് നേടിയ റിച്ചയെ പുറത്താക്കിയ സോഫി ഡിവൈൻ ഈ കൂട്ടുകെട്ട് പൊളിച്ചു. പൂജ വസ്ട്രാക്കറെ (11) ജെസ് കെർ പുറത്താക്കി.

Story Highlights: india women innings vs new zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top