പ്രണയത്തട്ടിപ്പ്: അമേരിക്കക്കാര്‍ക്ക് 2021ല്‍ നഷ്ടമായത് 75000000000 രൂപയെന്ന് എഫ് ബി ഐ

പ്രണയദിനത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങി വരികയാണെങ്കിലും പ്രണയിക്കുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ പ്രണയത്തിന്റെ ആഘോഷങ്ങള്‍ തന്നെയാണ്. യഥാര്‍ഥ പ്രണയം കണ്ടെത്താനും ആസ്വദിക്കാനും നിലനിര്‍ത്താനുമുള്ള നിമിഷങ്ങളാണ് പ്രണയത്തിന്റെ വില മനസിലാക്കുന്ന എല്ലാവരും വര്‍ഷം മുഴുവന്‍ ആഘോഷിക്കുന്നത്. പ്രണയത്തിന് വില കല്‍പ്പിച്ചതിന്റെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്നാലോ? വലിയ വില നല്‍കിയ പ്രണയം വെറും തട്ടിപ്പായിരുന്നെന്ന് മനസിലാക്കിയാലോ? അങ്ങനെ വന്നാല്‍ ധനനഷ്ടത്തിനും സമയ നഷ്ടത്തിനുമൊപ്പം അത് വലിയ വൈകാരിക പ്രതിസന്ധി കൂടി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പ്രണയത്തിന്റെ പേരിലുള്ള തട്ടിപ്പിലൂടെ 2021ല്‍ അമേരിക്കക്കാരില്‍ നിന്ന് നഷ്ടപ്പെട്ടത് 75000000000ലധികം രൂപയാണെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തുന്നത്. നഷ്ടപ്പെട്ട പണത്തിനൊപ്പം തട്ടിപ്പിനിരയാക്കപ്പെട്ടവര്‍ നേരിട്ട വൈകാരികമായ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് പ്രണയത്തിനെതിരായ ഈ കുറ്റൃത്യങ്ങളുടെ യഥാര്‍ഥ ആഴം മനസിലാകുന്നത്.
കൊവിഡ് പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ആളുകള്‍ക്ക് ഒറ്റപ്പെടല്‍ വര്‍ധിച്ചെന്നും ഈ പശ്ചാത്തലത്തിലാണ് റൊമാന്‍സ് സ്‌കാമുകള്‍ എന്ന ഓമന പേരിലുള്ള തട്ടിപ്പുകള്‍ വ്യാപകമായതെന്നുമാണ് എഫ് ബി ഐ കണ്ടെത്തുന്നത്. ഓണ്‍ലൈനായി പല ആപ്പുകളിലൂടെ വ്യക്തികളെ പരിചയപ്പെട്ട് വിദഗ്ധമായി അവരുടെ വിശ്വാസം നേടിയെടുത്തുകൊണ്ടാണ് പ്രണയതട്ടിപ്പുകാര്‍ ഇരകളുമായി പ്രണയത്തിലാകുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഇവര്‍ കടമായും മറ്റും പൈസ ആവശ്യപ്പെടാന്‍ തുടങ്ങുമെന്നും കൂടുതല്‍ സ്‌നേഹം കാണിച്ചും വിശ്വാസം വര്‍ധിപ്പിച്ചും വലിയ തുകകള്‍ ഇരകളില്‍ നിന്ന് കൈക്കലാക്കി മുങ്ങുമെന്നുമാണ് എഫ് ബി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രണയ തട്ടിപ്പുകാര്‍ പലപ്പോഴും വ്യാജ ഐഡികളാണ് ഉപയോഗിക്കാറ്. ആകര്‍ഷകമായി സംസാരിക്കാന്‍ കഴിവുള്ള ഇവര്‍ മിക്കവാറും ലക്ഷ്യം വെക്കുന്നത് സാങ്കേതിക വിദ്യയിലും മറ്റും പ്രാഥമിക പരിജ്ഞാനം മാത്രമുള്ളവരെയാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്തും ഇക്കാലയളവില്‍ അമേരിക്കയില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. പ്രണയിച്ച് പാട്ടിലാക്കിയ ആള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വരെയുണ്ടെന്നാണ് എഫ് ബി ഐ കണ്ടെത്തിയിരിക്കുന്നത്. 40 വയസ്സിന് മുകളിലുള്ള പ്രായമായവര്‍, വിധവകള്‍, വിവാഹമോചിതര്‍, ഭിന്നശേഷിക്കാര്‍ മുതലായവരാണ് തട്ടിപ്പിന് കൂടുതല്‍ ഇരയായതെന്നും എഫ് ബി ഐ വ്യക്തമാക്കി.
Story Highlights: fbi on romance scam in america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here