ദീപ് സിദ്ദുവിന്റെ അപകടമരണം; കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു

ഹരിയാനയിലെ സോനിപത്തിന് സമീപം വാഹനാപകടത്തിൽ കൊല്ലപ്പെട്ട പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദുവിന്റെ കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയതായി പൊലീസ്. നടന്റെ കാർ കൂട്ടിയിടിച്ച ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദീപ് സിദ്ദുവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. എഫ്എസ്എൽ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് സിദ്ദുവിന്റെ സഹോദരനാണ് പരാതി നൽകിയത്. കെഎംപി എക്‌സ്പ്രസ് വേയിൽ പിപ്ലി ടോളിന് സമീപം കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ദീപ് സിദ്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്തു. കർഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കർഷകർ എത്തിയ സംഭവത്തിൽ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിദ്ദുവിനെ അറസ്റ്റ് ചെയ്‌തത്. 2015ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിൻറെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം.
Story Highlights: liquor-bottle-recovered-from-deep-sidhus-car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here