നവല്‍നിക്കെതിരെ പുതിയ കുറ്റവിചാരണ തുടങ്ങി: 15 വര്‍ഷം കൂടി ജയിലിലടച്ചേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ അലക്‌സി നവല്‍നിക്കെതിരായ പുതിയ കുറ്റങ്ങളില്‍ അതീവ സുരക്ഷയോടെ വിചാരണ ആരംഭിച്ചു. പുതിയ കുറ്റങ്ങളില്‍ 15 വര്‍ഷത്തേക്ക് കൂടി നവല്‍നിയെ ജയിലിലിടാന്‍ റഷ്യന്‍ ഭരണകൂടത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. പുടിനെതിരായ അഴിമതി വിരുദ്ധ സംഘടനയ്ക്കായി അനധികൃതമായി സംഭാവനകള്‍ വാങ്ങി എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് നവല്‍നിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ കുറ്റകൃത്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവല്‍നി വ്യക്തമാക്കിയിരിക്കുന്നത്.
മോസ്‌കോയില്‍ നിന്ന് കിഴക്കായി വ്‌ലാഡിമറിലെ IK2 പീനല്‍ കോളനിക്കുള്ളിലാണ് കുറ്റവിചാരണ നടക്കുന്നത്. വിചാരണക്കെത്തിയ നവല്‍നിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2020ലെ വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ നവല്‍നി നിലവില്‍ തട്ടിപ്പ് കേസില്‍ മൂന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. നവല്‍നിയെ പിന്തുണയ്ക്കുന്നവരില്‍ നിന്നും പത്രപ്രവര്‍ത്തകരില്‍ നിന്നും നവല്‍നിയെ പരമാവധി മറച്ചുകൊണ്ടാണ് കുറ്റവിചാരണ നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. മോസ്‌കോയില്‍ നിന്നും വളരെ അകലെ മാറി വിചാരണ നടത്തുന്നത് എന്തിനെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും നവല്‍നിയുടെ ഭാര്യ യൂലിയ നല്‍നി ആവശ്യപ്പെട്ടു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് വീണ്ടും നവല്‍നിയെ ഭരണകൂടം വേട്ടയാടുന്നതെന്ന് നവല്‍നി അനുകൂലികള്‍ ആരോപിച്ചു. കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനോ റെക്കോര്‍ഡ് ചെയ്യാനോ ഉള്ള അവസരം നിഷേധിച്ചതും ദുരൂഹമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജയിലില്‍ വെച്ച് നവല്‍നി കൊല്ലപ്പെടാനുള്ള സാധ്യത പോലുമുണ്ടെന്നും ഇവര്‍ ആരോപണമുയര്‍ത്തി. വിഷബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നവല്‍നിയെക്കുറിച്ച് അടുത്തിടെയിറങ്ങിയ ഒരു ഡോക്യുമെന്റി ചിത്രം വലിയ ചര്‍ച്ചയായിരുന്നു. നവല്‍നി എന്ന് പേരിട്ടിരിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഫിലിംഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് ചര്‍ച്ചയാകുന്നത്.
Story Highlights: new trial started against alexie navalny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here