കായിക മത്സരങ്ങളില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുന്നതിനെതിരെ കരട് ബില്ലുമായി ഫ്രാന്‍സ്
കായിക മത്സരങ്ങളില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുന്നത് തടയാനുള്ള കരട് ബില്‍ ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും. രാജ്യത്ത് നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വിലക്കുന്ന ബില്ലാണിത്. ബുധനാഴ്ച കരട് ബില്‍ സെനറ്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പാസായിരുന്നില്ല. ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയാണ് അന്തിമ വോട്ട് നിര്‍ണയിക്കുന്നത്.
അതേസമയം ബില്ലിനെതിരെ ശക്തമായ എതിര്‍പ്പാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. കടുത്ത മതേതര രാജ്യവും യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്ലീം ന്യൂനപക്ഷങ്ങളുള്ളതുമായ ഫ്രാന്‍സില്‍ പൊതുസ്ഥലത്ത് ഉപയോഗിക്കുന്ന മതം സൂചിപ്പിക്കുന്ന വസ്ത്രമോ മറ്റോ ധരിക്കുന്നത്, കാലങ്ങളായി നടന്നുവരുന്ന വിവാദ വിഷയമാണ്.
2024ലെ സമ്മര്‍ ഒളിമ്പിക്‌സ് വേദിയാണ് ഫ്രാന്‍സ്. ബില്‍ പാസായാല്‍ അത് കായികമത്സരങ്ങളുടെ പ്രോട്ടോക്കോളിനെ ബാധിക്കുമെന്ന ആശങ്കകളും പലരും ഉയര്‍ത്തുന്നുണ്ട്.അതേസമയം ഹിജാബ് അടക്കമുള്ള ഒരു മതചിഹ്നങ്ങളുമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള നിയമമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ബില്‍ അനുകൂലികളുടെ വാദം.
ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ കോളജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കുന്നത് തടയുന്നതും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്ലിങ്ങള്‍ കൊല ചെയ്യപ്പെടുന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് ഒ.ഐ.സി ആശങ്ക പങ്കുവച്ചത്.
ഹിജാബ് സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുന്നതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും 2018 ഫുട്‌ബോള്‍ ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബ കര്‍ണാടകയില്‍ നിന്നുള്ള ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ‘ഇന്ത്യയിലെ ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടികളെ ഹിന്ദുത്വ ആള്‍ക്കൂട്ടം കോളജില്‍ ഉപദ്രവിക്കുന്നത് തുടരുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോഗ്ബയുടെ സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണം.
Story Highlights: France Parliament, hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here