മരണവാര്‍ത്ത ഞെട്ടിച്ചു, കഴിഞ്ഞ ദിവസവും കോട്ടയം പ്രദീപ് ആറാട്ടിനെപ്പറ്റി സംസാരിച്ചിരുന്നു; സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍

കോട്ടയം പ്രദീപിന്റെ മരണ വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും കഴിഞ്ഞ ദിവസവും ആറാട്ടിനെപ്പറ്റി അദ്ദേഹം സംസാരിച്ചിരുന്നെന്നും സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
”മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍ സീനാണ് ആറാട്ട് എന്ന ചിത്രത്തില്‍ കോട്ടയം പ്രദീപ് ചെയ്തത്.അത് വളരെ രസകരമായാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. തിയറ്ററില്‍ ആദ്യ ദിവസം തന്നെ പോയി സിനിമ കാണുമെന്നും പറഞ്ഞിരുന്നു. ഇടയ്ക്കിടെ വിളിക്കുകയും രണ്ട് ദിവസത്തിലൊരിക്കല്‍ മെസേജ് അയയ്ക്കുകയും ചെയ്യുമായിരുന്നു. സെറ്റില്‍ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ പഴക്കമുള്ള അദ്ദേഹത്തിന്റെ നാടകാനുഭവ സമ്പത്താവാം ഇത്തരത്തിലുള്ള അതുല്യമായ ഡയലോഗ് പ്രസന്റേഷന്‍ രൂപപ്പെട്ട് വന്നതിന് പിന്നില്‍ ‘. ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.
Read Also : കോട്ടയം പ്രദീപ് ചെറുകഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ കുടിയിരുത്തിയ നടന്‍; മുഖ്യമന്ത്രി
കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കോട്ടയം പ്രദീപിന്റെ അന്ത്യം. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. 61 വയസായിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരും.
അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു കോമഡിശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരനാണ് കോട്ടയം പ്രദീപ്. കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും യുവജനോത്സവത്തിലും സജീവമായി. എകാങ്കനാടകം, പാട്ട്, ഡാന്‍സ്, തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്.
അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന് ആദ്യ അവസരം നല്‍കിയത് നിര്‍മ്മാതാവ് പ്രേം പ്രകാശാണ്.
Story Highlights:kottayam pradeeps death; b unnikrishnans responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here