ഭൂമിക്കൈമാറ്റം: അഴിമതി ആരോപണങ്ങള്‍ക്കുനേരെ പരിഹാസവുമായി എംഎം മണി

കെഎസ്ഇബി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വൈദ്യുത മന്ത്രി എം എം മണി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഴിമതി ആരോപണം ശക്തമായി ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ക്കുനേരെ എം എം മണി പരിഹാസമുയര്‍ത്തി. സതീശന്‍ അങ്ങനെ എന്തെല്ലാം പറയുന്നു എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു എം എം മണിയുടെ പരിഹാസം. ഭൂമി കൈമാറ്റത്തില്‍ തീരുമാനം എടുത്തത് വൈദ്യുതി ബോര്‍ഡാണെന്നാണ് എം എം മണി വിശദീകരിച്ചത്. ക്വട്ടേഷന്‍ വിളിച്ചുകൊണ്ടാണ് ഭൂമി കൈമാറിയതെന്നും ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്തവര്‍ക്ക് തന്നെയാണ് ഭൂമി നല്‍കിയതെന്നും മണി പറഞ്ഞു. ഹൈഡല്‍ ടൂറിസത്തിന് ഭൂമി നല്‍കിയത് നിയമാനുസൃതമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ചെയര്‍മാന്‍ ബി അശോക് സെക്രട്ടറി ആയിരുന്നപ്പോഴാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന എല്ലാ തീരുമാനങ്ങളും എടുത്തതെന്നാണ് മുന്‍ മന്ത്രി പറയുന്നത്. ആര്യാടന്‍ മന്ത്രിയായിരുന്നപ്പോള്‍ മകനുമായി ചേര്‍ന്ന് സ്വന്തക്കാര്‍ക്ക് ഭൂമി കൈമാറിയെന്ന ആരോപണവും എം എം മണി ഉന്നയിച്ചു. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതില്‍ ക്രമക്കേട് നടന്നെന്നാണ് അദ്ദേഹം ആരോപിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടിന് തെളിവുണ്ടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതിയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാന്റെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം സത്യമെന്ന് തെളിഞ്ഞു. കെ.എസ്.ഇ.ബി പാര്‍ട്ടി ഓഫിസ് പോലെ പ്രവര്‍ത്തിച്ചു. പുതിയ മന്ത്രി പഴയ മന്ത്രിയെ വിരട്ടുന്നു. എം എം മണിയുടെ ഭീഷണിപ്പെടുത്തല്‍ ചെയര്‍മാന്റെ ഭീഷണിപ്പെടുത്തലില്‍ ഭയമുള്ളതിനാലാണ്. പ്രതിപക്ഷം 600 കോടി രൂപ നഷ്ടം വരുത്തിയതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കെ എസ് ഇ ബിയില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയും സഹോദരന്‍ ലംബോധരനും ഉണ്ടാക്കിയത് കോടികളെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും മുഖ്യമന്തി മിണ്ടുന്നില്ല. ലാലു പ്രസാദ് യാദവിനെപ്പോലെയാണ് എം എം മണിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കെ എസ് ഇ ബി അഴിമതി വിവരങ്ങള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Story Highlights: mm mani slams vd satheesan over allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here