ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ്; ഇന്ത്യ പങ്കെടുത്തേക്കില്ല

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുത്തേക്കില്ല. ഉഭയകക്ഷി പരമ്പരകൾ നടക്കുന്നതിനാൽ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഈ വർഷം സെപ്തംബറിൽ ചൈനയിലെ ഹാങ്ഷൂവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.
ടി-20 ലോകകപ്പിനു മുൻപാണ് ഏഷ്യൻ ഗെയിംസ്. അതുകൊണ്ട് തന്നെ ഏഷ്യൻ ഗെയിംസിൽ കളിക്കുന്നതിനിടെ താരങ്ങൾക്ക് പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ പരുക്കേറ്റാൽ ടി-20 ലോകകപ്പ് പരുങ്ങലിലാവും എന്നതും ഏഷ്യൻ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു ശക്തി പകരുന്നുണ്ട്. പുരുഷ, വനിതാ ടീമുകളെ ഏഷ്യൻ ഗെയിംസിന് അയക്കണോ എന്നതിൽ തീരുമാനം പിന്നീട് ഉണ്ടാവുമെന്ന് ജയ് ഷാ അറിയിച്ചു. കൊവിഡിനിടെ പല ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കളിക്കേണ്ടതുണ്ടെന്നും ജയ് ഷാ പറഞ്ഞു.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം പങ്കെടുത്തേക്കില്ല എന്നും സൂചനയുണ്ട്. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനം ആ സമയത്ത് ഇന്ത്യ നടത്തുന്നുണ്ട്, അതുകൊണ്ട് തന്നെ ഇന്ത്യക്ക് കോമൺവെൽത്തും ഒഴിവാക്കേണ്ടിവരും.
Story Highlights: India Unlikely Participate Asian Games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here