Advertisement

റെക്കോർഡ് ചേസുമായി ന്യൂസീലൻഡ്; ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ മൂന്നാം തോൽവി

February 18, 2022
2 minutes Read
india women lost newzealand

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് തോൽവി. 3 വിക്കറ്റിനാണ് ഇന്ത്യ കിവീസിനോട് പരാജയം സമ്മതിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 280 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് മറികടന്നു. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ ചേസ് ആണിത്. ഇരു ടീമുകളിലും മൂന്ന് താരങ്ങൾ വീതം ഫിഫ്റ്റിയടിച്ചു. 64 റൺസെടുത്ത് പുറത്താവാതെ നിന്ന കിവീസ് ബാറ്റർ ലോറൻ ഡൗൺ ആണ് കളിയിലെ താരം. (india women lost newzealand)

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ഗംഭീര തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. ടി-20 ശൈലിയിൽ ബാറ്റ് വീശിയ സബ്ബിനേനി മേഘനയും ഉറച്ച പിന്തുണ നൽകിയ ഷെഫാലി വർമ്മയും ക്രീസിൽ ഉറച്ചതോടെ ന്യൂസീലൻഡ് ബൗളർമാർക്ക് മറുപടിയില്ലാതായി. വെറും 33 പന്തുകളിലാണ് സബ്ബിനേനി ഫിഫ്റ്റിയടിച്ചത്. ആദ്യ വിക്കറ്റിൽ കൃത്യം 100 റൺസ് കൂട്ടിച്ചേർത്ത സഖ്യം 13ആം ഓവറിൽ വേർപിരിഞ്ഞു. 41 പന്തുകളിൽ 9 ബൗണ്ടറിയും രണ്ട് സിക്സറും അടക്കം 61 റൺസ് നേടിയ സബ്ബിനേനിയെ പുറത്താക്കിയ റോസ്‌മേരി മൈർ ന്യൂസീലൻഡിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചു.

പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായി. ഫിഫ്റ്റിക്ക് പിന്നാലെ ഷഫാലി (51) മടങ്ങി. യസ്തിക ഭാട്ടിയ (19), മിതാലി രാജ് (23), ഹർമൻപ്രീത് കൗർ (13), സ്നേഹ് റാണ (11), തനിയ ഭാട്ടിയ (8), ഝുലൻ ഗോസ്വാമി (8), ഏക്ത ബിശ്റ്റ് (3), രേണുക സിംഗ് (0) എന്നിവർ വേഗം മടങ്ങിയപ്പോൾ 69 റൺസെടുത്ത് പുറത്താവാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 49.3 ഓവറിൽ 279 റൺസെടുത്ത് ഇന്ത്യ ഓൾഔട്ടായി. ന്യൂസീലൻഡിനായി ഹന്ന റോവ്, റോസ്മേരി മൈർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ സോഫി ഡിവൈൻ (0), സൂസി ബേറ്റ്സ് (5) എന്നിവരെ ഗോസ്വാമി നേരത്തെ മടക്കിയെങ്കിലും അമേലിയ കെറും ഏമി സാറ്റെർത്‌വെയ്റ്റും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ന്യൂസീലൻഡ് മത്സരത്തിലേക്ക് തിരികെവന്നു. ഇരുവരും ചേർന്ന് 103 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളി ആയത്. സാറ്റെർത്‌വെയ്റ്റും (59) അമേലിയ കെറും (67) പുറത്തായതിനു പിന്നാലെ ലോറൻ ഡൗൺ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. ടി-20 ശൈലിയിൽ ബാറ്റേന്തിയ താരത്തിന് മാഡി ഗ്രീനും (24) കേറ്റി മാർട്ടിനും (35) ഫ്രാൻസസ് മക്കയ്‌യും (17) പിന്തുണ നൽകി. ദീപ്തി ശർമ്മ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സറടിച്ച് ഡൗൺ ന്യൂസീലൻഡിന് റെക്കോർഡ് ജയം സമ്മാനിച്ചു. ഇന്ത്യക്കായി ഝുലൻ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 3-0നു മുന്നിലാണ്.

Story Highlights: india women lost newzealand 3rd odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top