Advertisement

കെഎസ്ഇബി സമരം ഒത്തുതീര്‍ന്നു; ചെയര്‍മാനുമായുള്ള ചര്‍ച്ച ഇന്ന്

February 19, 2022
2 minutes Read

കെ.എസ്.ഇ.ബി ഇടത് സംഘടനകള്‍ നടത്തി വരുന്ന സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും. കെഎസ്ഇബി കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോകുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ ഇന്നലെ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ചെയര്‍മാനുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കണമെന്ന സമരക്കാരുടെ ആവശ്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന് പുറമേ ഇലക്ട്രിക് കാര്‍ പര്‍ച്ചേസ് ചെയ്യുന്ന കാര്യം, സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒഴിവാക്കി പുറത്തുനിന്ന് സോഫ്റ്റ്വെയര്‍ വാങ്ങുന്ന കാര്യം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സമരം നടത്തുന്ന സംഘടനകളോട് ചെയര്‍മാനുമായി ചര്‍ച്ച നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് സംഘടന നേതാക്കള്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നത്. പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടര്‍ന്ന് വന്ന സമരമാണ് അവസാനിപ്പിക്കുന്നത്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഇടതുയൂണിയന്റെ പ്രധാന ആരോപണം. എന്നാല്‍ എം.എം.മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകള്‍ കൂട്ടുനിന്നെന്നായിരുന്നു ചെയര്‍മാന്റെ ആരോപണം. ചെയര്‍മാന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ വിവാദം കനക്കുകയായിരുന്നു.

ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തിയ സമരം നീണ്ടുപോയ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇന്നലെ രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, സിഐടിയു നേതാവ് എളമരം കരീം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തിയത്.

Story Highlights: KSEB strike ends; Discussion with Chairman today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top