ഹിജാബ് പ്രതിഷേധം; ഉഡുപ്പിയിൽ നിരോധനാജ്ഞ നീട്ടി

ഉഡുപ്പിയിൽ ഹൈസ്‌കൂളുകൾക്ക് 200 മീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഫെബ്രുവരി 28 വൈകുന്നേരം 6 മണി വരെ നിരോധനാജ്ഞ നിലനിൽക്കുമെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ എം.കൂർമ റാവു അറിയിച്ചു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ശനിയാഴ്ച്ച വൈകിട്ട് അവസാനിച്ചിരുന്നു. അതേസമയം ഉത്തരവിന് കീഴിലുള്ള നിയന്ത്രണങ്ങൾ സർക്കാർ പരിപാടികൾക്ക് ബാധകമല്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡുകളുടെ പശ്ചാത്തലത്തിൽ സ്‌കൂൾ പരിസരത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അഞ്ചോ അതിലധികമോ ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് നിയന്ത്രിക്കുന്നതാണ് ഉത്തരവ്. ഈ മേഖലയിൽ ആയുധങ്ങൾ കൊണ്ടുപോകാൻ പാടില്ല, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനും പ്രസംഗിക്കാനും അനുമതിയില്ല. ഉത്തരവനുസരിച്ച് ഒരു പ്രതിഷേധവും അനുവദിക്കില്ല.
ജില്ലയിലെ പ്രീ-യൂണിവേഴ്‌സിറ്റി, പോളിടെക്‌നിക്, ഡിഗ്രി കോളജുകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഫെബ്രുവരി 23ന് വൈകീട്ട് ആറ് മണിവരെയാണ്. ദക്ഷിണ കന്നഡ പൊലീസിന്റെ അധികാരപരിധിയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളുടെയും കോളജുകളുടെയും നിരോധനാജ്ഞ ഫെബ്രുവരി 26 വരെ നീട്ടിയതായി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
Story Highlights: prohibitory-orders-in-udupi-extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here