കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; ജില്ലാകമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി

കാസർഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം–ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. കെ സുരേന്ദ്രന് എതിരെ ഉള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
കുമ്പള സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ സിപിഐഎമ്മുമായി ഒത്തുകളിച്ചു. ഇവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തത്.
വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.കെ സുരേന്ദ്രന് ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതിഷേധം. എന്നാല്‍ സുരേന്ദ്രന് ഇതുവരെ കാസര്‍ഗോഡ് എത്തിയിട്ടില്ല. സുരേന്ദ്രന് നേരിട്ട് എത്തി തങ്ങളോട് ചര്‍ച്ച നടത്തണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വിഷയം ചൂണ്ടിക്കാട്ടി പാര്‍ട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Highlights: -bjp-protest-in-kasargod-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here