ഈഡൻ ഗാർഡൻസിൽ കനത്ത മഴ; മൂന്നാം ടി-20 ഉപേക്ഷിച്ചേക്കും

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഉപേക്ഷിച്ചേക്കും. മത്സരം നടക്കുന്ന കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ കനത്ത മഴയാണ്. ഈഡൻ ഗാർഡൻസ് മഴയിൽ മൂടിയിട്ടിരിക്കുന്ന ദൃശ്യം ബിസിസിഐ തന്നെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു.
ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഋതുരാജ് ഗെയ്ക്‌വാദ് ഉൾപ്പെടെയുള്ള താരങ്ങളെ പരീക്ഷിക്കാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാൽ, മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചാൽ ഒരു മത്സരം പോലും കളിക്കാനാവാതെ ഗെയ്‌ക്‌വാദിനും അവേശ് ഖാനുമൊക്കെ മടങ്ങേടിവരും.
വിരാട് കോലിക്കും ഋഷഭ് പന്തിനും മൂന്നാമത്തെ മത്സരത്തിൽ നിന്ന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. താരങ്ങൾ ബയോ ബബിളിനു പുറത്ത് പോയി. വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ശ്രീലങ്കൻ പരമ്പരക്ക് മുന്നോടിയായാണ് രണ്ട് പേർക്കും വിശ്രമം നൽകിയിരിക്കുന്നത്.
വീട്ടിലേക്കാണ് രണ്ട് പേരും മടങ്ങിയിരിക്കുന്നത്. 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേർക്കും ലഭിക്കുക. ഈ മാസം 24നാണ് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിലും ഇരുവരും ഉണ്ടാവില്ല. ടെസ്റ്റ് പരമ്പരയിൽ ഇരുവരും മടങ്ങിയെത്തും. വിരാട് കോലി ശ്രീലങ്കയ്‌ക്കെതിരേ തന്റെ 100ാം ടെസ്റ്റ് മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. ഏറെ നാളുകളായി സെഞ്ച്വറി നേടാനാവാത്ത കോലി 100ാം ടെസ്റ്റിൽ വീണ്ടും സെഞ്ച്വറിയുടെ വഴിയേ തിരിച്ചെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Story Highlights: eden gardens rain india west indies t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here