Advertisement

ഈഡനിൽ സൂര്യനുദിച്ചു; തകർത്തടിച്ച് വെങ്കിയും: ഇന്ത്യക്ക് കൂറ്റൻ സ്കോർ

February 20, 2022
2 minutes Read
india innings west indies

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. 31 പന്തുകളിൽ നിന്ന് ഒരു ബൗണ്ടറിയും ഏഴ് സിക്സറും സഹിതം 65 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വെങ്കടേഷ് അയ്യരും (19 പന്തിൽ 35 നോട്ടൗട്ട്) ഇന്ത്യക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. (india innings west indies)

പുതിയ ഓപ്പണിംഗ് സഖ്യമാണ് ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. രോഹിത് വഴിമാറിയപ്പോൾ കിഷനൊപ്പം ഋതുരാജ് ഗെയ്ക്‌വാദ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. എന്നാൽ, വെറും 4 റൺസെടുത്ത് പുറത്തായ ഋതുരാജ് നിരാശപ്പെടുത്തി. ജേസൻ ഹോൾഡറിൻ്റെ പന്തിൽ കെയിൽ മയേഴ്സ് ഋതുരാജിനെ പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലും രോഹിത് ഇറങ്ങിയില്ല. പകരമെത്തിയ ശ്രേയാസ് അയ്യർ ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. മറുവശത്ത് കിഷൻ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. ആദ്യ പവർ പ്ലേയിൽ ഇന്ത്യ 43 റൺസ് ആണ് നേടിയത്. മികച്ച രീതിയിൽ കളിച്ചുവന്ന ശ്രേയാസ് 9ആം ഓവറിൽ മടങ്ങി. താരത്തെ ഹെയ്ഡൻ വാൽഷ് ജേസൻ ഹോൾഡറുടെ കൈകളിലെത്തിച്ചു. 16 പന്തുകളിൽ 25 റൺസെടുത്ത താരം രണ്ടാം വിക്കറ്റിൽ കിഷനുമായി ചേർന്ന് 53 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളി ആയിരുന്നു.

Read Also : മൂന്നാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്; അവേശ് ഖാൻ അരങ്ങേറും

അടുത്ത ഓവറിൽ കിഷൻ മടങ്ങി. 31 പന്തുകൾ നേരിട്ട് 34 റൺസെടുത്ത താരത്തെ റോസ്റ്റൺ ചേസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ടൈമിങ് കണ്ടെത്താൻ ഏറെ വിഷമിച്ചു. 15 പന്തുകൾ നേരിട്ട് വെറും ഏഴ് റൺസെടുത്ത് രോഹിത് മടങ്ങി. താരത്തിൻ്റെ കുറ്റി പിഴുത ഡൊമിനിക് ഡ്രേക്സ് ഇന്ത്യയുടെ നാലാം വിക്കറ്റ് വീഴ്ത്തി. രോഹിത് പുറത്താവുമ്പോൾ 13.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 93 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ.

അഞ്ചാം വിക്കറ്റിൽ ക്രീസിലൊരുമിച്ച സൂര്യകുമാർ യാദവ്-വെങ്കടേഷ് അയ്യർ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇരുവരും അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ കണ്ടെത്തി. വെറും 27 പന്തുകളിൽ സൂര്യകുമാർ ഫിഫ്റ്റിയിലെത്തി. അഞ്ചാം വിക്കറ്റിൽ വെറും 37 പന്തുകളിൽ നിന്ന് 91 റൺസിൻ്റെ കൂട്ടുകെട്ടാണ് വെങ്കടേഷ് അയ്യരും സൂര്യകുമാറും ചേർന്ന് പടുത്തുയർത്തിയത്. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സൂര്യ പുറത്തായി. താരത്തെ റൊമാരിയോ ഷെപ്പേർഡിൻ്റെ പന്തിൽ റോവ്മൻ പവൽ പിടികൂടുകയായിരുന്നു.

Story Highlights: india innings west indies 3rd t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top