ഐപിഎൽ: ലീഗ് മത്സരങ്ങൾ മഹാരാഷ്ട്രയിലെ അഞ്ച് വേദികളിലെന്ന് റിപ്പോർട്ട്; പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് വരുന്ന സീസണിലെ ലീഗ് മത്സരങ്ങൾ മഹാരാഷ്ട്രയിലെ അഞ്ച് വേദികളിലായി നടക്കുമെന്ന് റിപ്പോർട്ട്. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചാവും നടക്കുക. മാർച്ച് 27 മുതൽ മെയ് 28 വരെയാവും മത്സരങ്ങൾ നടക്കുക എന്നും സ്പോർട്സ്റ്റാർ റിപ്പോർട്ട് ചെയ്തു. (ipl maharashtra ahmedabad stadiums)
ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാവും നടക്കുക. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡോ. ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ വേദികളിലാവും നടക്കുക. ബിസിസിഐ ഉടൻ മത്സരക്രമം പുറത്തുവിടുമെന്നാണ് സൂചന.
27ന് ഐപിഎൽ ആരംഭിക്കുമെന്നാണ് സൂചനയെങ്കിലും 26ന് ആരംഭിക്കണമെന്ന് ബ്രോഡ്കാസ്റ്റർമാരായ ഡിസ്നി സ്റ്റാർ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്.
Read Also : ഐപിഎൽ ടീം വിശകലനം; തുടക്കക്കാരന്റെ പതർച്ചയിൽ ഗുജറാത്ത്
മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാർ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു എങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം. എന്ത് വിലകൊടുത്തും ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് സോണിയുടെ ശ്രമം. ഇവർക്കൊപ്പം, ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ഒടിടി സേവനം ആമസോൺ പ്രൈം വിഡിയോയും ഐപിഎലിനായി രംഗത്തുണ്ടാവും. റിലയൻസും ക്രിക്കറ്റ് സംപ്രേഷണ രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. വയാകോമിലൂടെ റോഡ് സേഫ്റ്റി സീരീസ് അടക്കമുള്ള പരമ്പരകൾ റിലയൻസ് സംപ്രേഷണം ചെയ്തിരുന്നു.
Story Highlights: ipl maharashtra ahmedabad stadiums
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here