Advertisement

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മണിപ്പൂരിലേക്ക്; രാഹുൽ നാളെ എത്തും

February 20, 2022
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കും. ഫെബ്രുവരി 22ന് സംസ്ഥാനത്ത് എത്തുന്ന മോദി ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്ന് പാർട്ടി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലുവാങ്‌സംഗ്ബാം സ്‌പോർട്‌സ് കോംപ്ലക്‌സിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കും.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ എന്നിവരും എത്തിയേക്കുമെന്ന് ബിജെപി മണിപ്പൂരിലെ നേതാക്കൾ അറിയിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാർ ദേബും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയും ഇംഫാൽ വെസ്റ്റ്, സേനാപതി, ജിരിബാം ജില്ലകളിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുകയാണ്. വെള്ളിയാഴ്ച മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, ബിജെപി ദേശീയ വക്താവ് സംബിത് പത്ര, സ്ഥാനാർത്ഥികൾ മറ്റ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമ്മേളനം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഫെബ്രുവരി 21 ന് എത്തും. സന്ദർശന വേളയിൽ ഇംഫാലിലെ പാലസ് ഗേറ്റിലെ ഹഫ്ത കാങ്ജെയ്ബുങ് ഗ്രൗണ്ടിൽ രാഹുൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധിയുടെ പ്രചാരണം മണിപ്പൂരിലെ കോൺഗ്രസ് അധ്യക്ഷൻ എൻ ലോകെൻ സിംഗ്, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ ഇബോബി സിംഗ് എന്നിവർ നയിക്കും.

മുതിർന്ന നേതാവ് ജയറാം രമേശും മണിപ്പൂരിന്റെ കോൺഗ്രസ് ചുമതലയുള്ള ഭക്ത ചരൺ ദാസും മറ്റ് നേതാക്കളും നിലവിൽ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ 60 അംഗങ്ങളെ തെരഞ്ഞെടുക്കാൻ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 17 വനിതകൾ ഉൾപ്പെടെ 265 സ്ഥാനാർത്ഥികൾ മത്സരിക്കും. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.

Story Highlights: pm-to-visit-manipur-for-the-poll-campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here