Advertisement

എന്താണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ട്? [24 എക്സ്പ്ലൈനർ]

February 20, 2022
1 minute Read
punchhi commission report explainer

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഉയർന്നുകേട്ട ഒരു പേരാണ് പൂഞ്ചി കമ്മീഷൻ. പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശയിൽ കേരളത്തിന് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഗവർണറും ഗവർണറെ മാറ്റാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്ന് പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിൽ കേരളവും പറഞ്ഞു. എന്താണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ട്? (punchhi commission report explainer)

2007 ഏപ്രിലിലാണ് കേന്ദ്ര സർക്കാർ പൂഞ്ചി കമ്മീഷനെ നിയമിച്ചത്. സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായി നാലംഗ കമ്മീഷനായിരുന്നു പൂഞ്ചി കമ്മീഷൻ. പിന്നീട് ഒരാൾ കൂടി കമ്മീഷനൊപ്പം ചേർന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യങ്ങളിൽ തീർപ്പു കല്പിക്കുകയായിരുന്നു കമ്മീഷൻ്റെ ദൗത്യം. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇവയാണ്:

35 വയസ്സ് പൂർത്തിയായ ആരെയും ഗവർണറായി നിയമിക്കാം എന്ന് പൂഞ്ചി കമ്മീഷൻ പറയുന്നു. വയസ് പ്രശ്നമല്ലെങ്കിലും ഗവർണർ പദവിയുടെ അന്തസ്സിനു യോജിക്കുന്ന ആളെ വേണം നിയമിക്കാൻ എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നയം. ഗവർണർ പദവിയിൽ തുടരുന്നത് രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്. ആവശ്യമെങ്കിൽ ഗവർണറെ നീക്കാനുള്ള നിയമം കൊണ്ടുവരണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള അവസരം ഗവർണർക്കും അനുവദിക്കണം. ഗവർണറെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു.

ഭരണഘടനാ ലംഘനം കണ്ടെത്തിയാൽ ഗവർണറെ ഇംപീച്ച് ചെയ്യാൻ കഴിയണമെന്ന് കമ്മീഷൻ റിപ്പോർട്ട് പറയുന്നു. എന്നാൽ, ഭരണഘടനാ ലംഘനം, ചാൻസിലർ പദവിയിൽ വീഴ്ച വരുത്തൽ, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വരുത്തൽ എന്നീ സന്ദർഭങ്ങളിൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാന സഭയ്ക്ക് അധികാരം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു. ഭരണഘടനാപരമല്ലാത്ത ചുമതലകളിൽ ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ നിർദ്ദേശം അനുസരിച്ചാണ്. പല കാര്യങ്ങളിലും ഗവർണർക്ക് വിവേചനാധികാരം ഇല്ല. എന്നാൽ, ചില കാര്യങ്ങളിൽ അദ്ദേഹത്തിനു വിവേചനാധികാരം നൽകണം. സംസ്ഥാന സർക്കാരുമായി സംഘർഷമുണ്ടാതെ ഇത് പ്രയോഗിക്കാനും ഗവർണർക്ക് കഴിയണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട്. അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകളിൽ കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാൻ നടപടി ഉണ്ടാകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു.

പ്രോസിക്യൂഷൻ അനുമതിക്ക് ഗവർണർ പാലിക്കേണ്ടത് സുപ്രിംകോടതി നിർദ്ദേശങ്ങളാണ്. മന്ത്രിസഭയുടേതല്ല പരമാധികാരം. ഇത് സംസ്ഥാന സർക്കാർ എതിർക്കുകയാണ്. ഗവർണറെ ചാൻസിലർ സ്ഥാനത്തിരുത്തേണ്ടതില്ല. അദ്ദേഹത്തിന് മറ്റ് ഭരണഘടനാ ചുമതലകളുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിന് പൂർണ യോജിപ്പാണുള്ളത്. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ കേന്ദ്രസേനയെ വിന്യസിക്കാൻ സംസ്ഥാനവുമായി ആലോചിക്കണം. ഇതിനെയും സംസ്ഥാന സർക്കാർ അനുകൂലിക്കുന്നു. ആലോചനയ്ക്കൊപ്പം സംസ്ഥാന സർക്കാരിൻ്റെ അനുമതിയും ഇക്കാര്യത്തിൽ വേണമെന്ന നിലപാടാണ് സർക്കാർ നിലപാട്. ഗവർണറായി നിയമിക്കപ്പെടുന്ന വ്യക്തി കഴിഞ്ഞ വർഷങ്ങളിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാവണം എന്നും പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സജീവ രാഷ്ട്രീയക്കാരൻ എന്നത് പദവിക്കു തടസ്സമാകരുത് എന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്.

ഭരണഘടനാ 356–ാം അനുച്ഛേദം അനുസരിച്ച് സർക്കാരിനെ പിരിച്ചുവിടുന്നതിനു മുൻപ് 7 ദിവസത്തെ സാവകാശം നൽകണം. ഭരണഘടനാ അനുഛേദം 355, 356 അനുസരിച്ച് സംസ്ഥാനത്തിനു പകരം പ്രശ്നബാധിത മേഖലകൾ മാത്രം ഗവർണറുടെ അധികാര പരിധിയിൽ കൊണ്ടുവരണം. ഇത്തരം അധികാര പരിധി മൂന്ന് മാസത്തിൽ കൂടാൻ പാടില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Story Highlights: punchhi commission report 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top