പഞ്ചാബില്‍ പോളിങ് പുരോഗമിക്കുന്നു; കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ചരണ്‍ജിത് സിംഗ് ഛന്നി

പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ഛന്നി. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം ഉറപ്പാണ്. അമൃത്സറില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാകും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും ഛന്നി പ്രതികരിച്ചു. ഖാരാറിലാണ് ഛന്നി വോട്ട് ചെയ്യാനെത്തിയത്.
മൂന്ന് മണി വരെ 49 ശതമാനത്തിന് മുകളിലാണ് പഞ്ചാബില്‍ രേഖപ്പെടുത്തിയ പോളിങ് നിരക്ക്. 2017നേക്കാള്‍ 4 ശതമാനം അധിക പോളിങ് ആണ് ഇത്തവണ ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയത്. ചാം കൗര്‍ സാഹിബിലും ബാദൗറിലും ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഛന്നി മത്സരിക്കുന്നുണ്ട്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സറില്‍ ശിരോമണി അകാലിദളിന്റെ ബിക്രം സിംഗ് മജിതിയ, എഎപിയുടെ ജീവന്‍ജ്യോത് കൗര്‍, ബിജെപിയുടെ ജഗ്മോഹന്‍ സിംഗ് രാജു എന്നിവരെയാണ് നേരിടുന്നത്.
സംഗ്രൂരില്‍ നിന്നുള്ള എഎപി ലോക്സഭാ എംപിയും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഭഗവന്ത് മന്‍, ധുരി സീറ്റിലണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സ്വന്തം മണ്ഡലമായ പട്യാലയില്‍ നിന്നാണ് മത്സരിക്കുന്നത്. അതേസമയം അഞ്ച് തവണ മുഖ്യമന്ത്രിയും മുതിര്‍ന്ന എസ്എഡി നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ ലാംബി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നു.
Read Also : എന്താണ് മറക്കപ്പെടാനുള്ള അവകാശം?; നടന്‍ അശുതോഷ് സമര്‍പ്പിച്ച ഹര്‍ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം
തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ എഎപിക്കെതിരെ ആരോപണങ്ങള്‍ തുടരുകയാണ് എസ്എഡി. ആംആദ്മി പാര്‍ട്ടിക്ക് പഞ്ചാബുമായി ഒരു ബന്ധവുമില്ലെന്നും പഞ്ചാബിനോട് എഎപിക്ക് ഒരു തരത്തിലുമുള്ള സഹതാപവും ഇല്ലെന്നും പ്രകാശ് സിംഗ് ബാദല്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് എത്ര ജില്ലകളുണ്ടെന്ന് പോലും അറിയാത്ത പാര്‍ട്ടിയാണ് എഎപിയെന്നും ബാദല്‍ കുറ്റപ്പെടുത്തി.
Story Highlights: punjab election, charanjit singh channi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here