Advertisement

കുമ്പളം പ്രതിഷേധം: ബിജെപി-സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിൻ്റെ തുടർച്ച; രമേശ് ചെന്നിത്തല

February 20, 2022
1 minute Read

ബിജെപി-സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിൻ്റെ തുടർച്ചയാണ് കാസർഗോട്ടെ കുമ്പളം പഞ്ചായത്തിലെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുടർ ഭരണത്തിന് വേണ്ടി വർഗീയ ശക്തികളോട് സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഐഎമ്മും അധഃപതിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണം ശരി എന്ന് തെളിയിക്കുന്നതാണ് കുമ്പളം സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചെന്നിത്തല പറഞ്ഞു.

പൂർണ്ണരൂപം

തുടർ ഭരണത്തിന് വേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. കാസർകോട് നിന്ന് വരുന്ന വിവരമനുസരിച്ച്, സംസ്ഥാനവ്യാപകമായ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻ്റ ഭാഗമായി കാസർഗോഡ് ജില്ലയിൽ നടത്തുന്ന വോട്ടുകച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാനും യുഡിഎഫും പൊതുസമൂഹത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും മുമ്പിൽ 69 നിയോജക മണ്ഡലങ്ങളിലെ എൽഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോൾ, കാസർഗോഡ് ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കന്മാർ നേരിട്ട് ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കി എന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

നിങ്ങൾ രണ്ടുകൂട്ടരും തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പു കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. സാധാരണ പ്രവർത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമനയം ഒരുവശത്ത് പിൻതുടരുമ്പോൾ ഭരണത്തിന്റെ സുഖശീതളിമയിൽ രമിക്കുന്നതിനു വേണ്ടി അധാർമികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ ചിന്തിക്കേണ്ടതാണ്.

വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയപ്രവർത്തനം ഇടതു നയത്തിന്റെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും.

Story Highlights: ramesh-chennithala-on-pinarayi-vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top