Advertisement

വി എസ് അച്ചുതാനന്ദന്‍ പകരംവെക്കാനില്ലാത്ത പടനായകന്‍

July 22, 2025
2 minutes Read

കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമായിരുന്നു ഇന്നലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവുമായ വി എസ്.അച്യുതാനന്ദന്‍. മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ അവശേഷിച്ച അവസാനത്തെ നേതാവാണ് യാത്രയായിരിക്കുന്നത്. സംഭവബഹുലമായൊരു പൊതുവീതമായിരുന്നു വി.എസ്സിന്റേത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ ചരിത്രം കൂടിയായി അതു മാറുന്നു.

വി എസ് എന്ന രണ്ടക്ഷരം ഒരു കാലത്തിന്റെ അടയാളം കൂടിയാണ്. ജീവിതത്തിലും രാഷ്ട്രീയത്തിലും കനല്‍വഴിതാണ്ടിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. 100 വര്‍ഷം, വി എസ് നടന്നുതീര്‍ത്തത് അത്രയൊന്നും സുഖകരമായൊരു വഴിയായിരുന്നില്ല. പോരാട്ടങ്ങളിലൂടെ നായകനും പ്രതിനായകനുമായി മാറിയ നേതാവായിരുന്നു വി എസ്.

കേരളത്തില്‍ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ചരിത്രത്തിനാണ് ഇന്നലെ തിരശ്ശീലവീണത്. മുന്‍മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷനേതാവുമൊക്കെ ആവുന്നത് ആ യാത്രയുടെ ഏതാണ്ട് അവസാന കാലത്തായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. എന്നും കാര്‍ക്കശ്യക്കാരനായിരുന്നു വി എസ്. വിട്ടുവീഴ്ചയും വീഴ്ചയും വി എസിന്റെ നിഘണ്ഠുവില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം മുഴുവന്‍. തിരുത്തല്‍ സ്വന്തം പാര്‍ട്ടിയിലും വേണമെന്ന് ആഗ്രഹിച്ച ജനകീയന്‍. സാധാരണക്കാരായിരുന്നു വി എസിന്റെ ആരാധകര്‍. സാധാരണക്കാരന്റെ ജീവിതത്തെയാണ് എന്നും വി എസ് അഡ്രസ് ചെയ്തിരുന്നത്.

ഇല്ലായ്മയുടെയും വല്ലായ്മയുടേയും ലോകത്തായിരുന്നു വി എസ് അച്ചുതാനന്ദന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടമായി, ഒരു തയ്യല്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ച വി എസ് അച്ചുതാനന്ദന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന താരമായി മാറിയ കഥയാണ് വിഎസിന്റെ പൊതുജീവിതം.

വിഎസ് എന്നത് കേവലം ഒരു പേരിന്റെ ചുരുക്കമല്ല, കേരളത്തിലെ ലക്ഷക്കണക്കിന് പാവങ്ങളുടെ ആശയും ആവേശവുമായിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ മാത്രമേ ഇന്നുവരെ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. സി പി ഐയില്‍ നിന്നും ഇറങ്ങിപ്പോയ 32 പേരില്‍ ഒരാള്‍. സിപിഎം എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയവരില്‍ ഒരാളായ വി എസ്.അച്യുതാനന്ദന്‍ കൂടി യാത്രയായതോടെ ഒരു കാലത്തിന്റെ അന്ത്യമാണ് സംഭവിച്ചിരിക്കുന്നത്.

ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു വി എസ്. എതിരാളികള്‍പോലും ആരാധനയോടെ മാത്രമേ വി എസിനെ കണ്ടിരുന്നുള്ളൂ.ഭൂമിയും പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരിക്കല്‍പോലും വിട്ടവീഴ്ച ചെയ്യാത്ത ഭരണാധികാരിയായിരുന്നു വി എസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴുമെല്ലാം വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. നിലപാടിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ശിക്ഷകള്‍ ഏറ്റുവേോങ്ങണ്ടിവന്നെങ്കിലും പോരാട്ട വീര്യത്തിന് ഒരിക്കലും കുറവുണ്ടായിരുന്നില്ല.

അഴിമതിക്കെതിരെ വി എസ് നടത്തിയ പോരാട്ടം മറ്റൊരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനാവാത്തതായിരുന്നു. ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ എടുത്ത നടപടി വി എസിനെ ജനകീയനാക്കി. മൂന്നാറിലും മറ്റും നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി എസിന്റെ പൂച്ചകള്‍ ജെ സി ബിയുമായി മലകയറിയപ്പോള്‍ അത് കേരളത്തിന്റെ കയ്യേറ്റക്കാര്‍ക്കെതിരെയുള്ള സമരമായിമാറി.

ഭൂമി ക്രയവിക്രയം ചെയ്യാനുള്ളതല്ലെന്നായിരുന്നു വി എസിന്റെ നിലപാട്. കൃഷിഭൂമിയെ സംരക്ഷിച്ചു നിര്‍ത്താനായി പോരാടി. നെല്‍കൃഷിനടത്തിയ സ്ഥലങ്ങള്‍ നികത്തി തെങ്ങുനട്ടപ്പോള്‍ വെട്ടി നിരത്തല്‍ സമരം നടത്തി.

നിരവധി തൊഴിലാളി സംഘടനകള്‍ക്ക് രൂപം നല്‍കിയ വി എസ് ട്രേഡ് യൂണിന്‍ കരിച്ച വി എസ്, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിത പശ്ചാത്തലവും ഉണ്ടാക്കിയെടുക്കാനുള്ള പോരാട്ടം നടത്തിയ നേതാവായിരുന്നു വി എസ്.

പൊതുസമൂഹത്തില്‍ വലിയ തോതില്‍ സ്വീകാര്യതയുള്ള നേതാവാണ് വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തെ ജനകീയനാക്കി. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കര്‍ശന നിലപാടെടുക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വി.എസിന്റെ പേര് മൈക്കില്‍ പറയുമ്പോള്‍ വലിയ കരഘോഷം ഉയരും. ജനകീയതയുടെ പേരില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ പലപ്പോഴും വി. എസിന് അനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സസ്പെപെന്റ് ചെയ്തപ്പോള്‍ സിംഗിന്റെ സസ്പെപെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് കോടിയേരിക്ക് ഇളിഭ്യനാകേണ്ടി വന്നു.

2006ലെ തെരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാര്‍ട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാര്‍ട്ടി ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ പാര്‍ട്ടി നിലപാട് മാറ്റി. 2011 ല്‍ വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാര്‍ട്ടി തീരുമാനിച്ചു. പിന്നീട് പാര്‍ട്ടി നിലപാട് മാറ്റി. മലമ്പുഴയില്‍ നിന്നും വി എസ് അവസാനവട്ടം നിയമസഭയിലെത്തി.

1980 മുതല്‍ 1991വരെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു വി എസ്. 23 വര്‍ഷം പൊളിറ്റ്ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചു.നിയമസഭയില്‍ പലവട്ടം എത്തിയിരുന്നുവെങ്കിലും മന്ത്രിസഭയില്‍ അംഗമായില്ല. മുഖ്യമന്ത്രിയാവുന്നത് തന്നെ ജനകീയ പോരാട്ടത്തിന്റെ ഭാഗമായാണ്. വി എസ് -പിണറായി പോരാട്ടം പാര്‍ട്ടിയില്‍ ശക്തമായിരുന്ന കാലത്ത് വി എസ് പാര്‍ട്ടിവിട്ടുപോവുമെന്ന് വിശ്വസിച്ചിരുന്ന നിരവധി കമ്യൂണിസ്റ്റുകള്‍ കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ എന്നും പാര്‍ട്ടിയോടൊപ്പം നിലകൊണ്ടു. വടകര ഒഞ്ചിയത്ത് പാര്‍ട്ടി വിമതനായ ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് അവിടെ പോയി. പാര്‍ട്ടി നേതൃത്വത്തെ പലപ്പോഴായി വെല്ലുവിളിച്ചു.

പരുക്കനും കര്‍ക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങള്‍ക്ക് അഭിമതനാകുന്നത് 2001- 2006 കേരളാ നിയമസഭയില്‍ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ സാധാരണജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരുന്നു. മതികെട്ടാന്‍ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂര്‍ പെണ്‍വാണിഭ കേസ്, മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് മുതലായവയില്‍ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉള്‍പ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു,. മുഖ്യമന്ത്രിയായതിനു ശേഷം 2007ല്‍ മുന്നാറില്‍ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

പാര്‍ട്ടിയെ ആകെ പ്രതിരോധത്തിലാക്കിയ സംഭവങ്ങളും ഉണ്ടായി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയനായിരുന്നു പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടി സെക്രട്ടറിയുമായുള്ള പരസപര പോരാട്ടത്തിനൊടുവില്‍ വി എസിന് പി ബി അംഗത്വം നഷ്ടമായി.

1940 ല്‍ തന്റെ 17-ാമത്തെ വയസില്‍ പാര്‍ട്ടി അംഗമായ വി എസ് 102ാം വയസിലും പാര്‍ട്ടി അംഗമായി തുടര്‍ന്നു. ഒരുപക്ഷേ, ഇനിയൊരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്വീകാര്യതയുമായാണ് വി എസ് യാത്രയാവുന്നത്. വി എസ് അവസാനമായി തലസ്ഥാനത്തുനിന്നും മടങ്ങുകയാണ്. ആലപ്പുഴയുടെ വിരിമാറില്‍ അവസാനമായി വിശ്രമിക്കാനായി.

Story Highlights : VS Achuthanandan always addressed the life of the ordinary people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top