ദീപുവിൻ്റെ കുടുംബത്തെ സംരക്ഷിക്കും; സാബു എം ജേക്കബ്

സിപിഐഎം പ്രവർത്തകരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ദീപുവിൻ്റെ കുടുംബത്തെ ട്വന്റി20 സംരക്ഷിക്കുമെന്ന് സാബു എം ജേക്കബ്. ദീപുവിൻ്റെ സ്ഥാനത്ത് നിന്ന് കുടുംബത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ദീപുവിൻ്റെ പേരിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ടാക്കില്ലെന്നും അതിനുവേണ്ടി പിരിവ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കും. പാർട്ടിയുടെ കടമയാണ് നിറവേറ്റുന്നത്. എന്നും കുടുംബത്തോടൊപ്പം ഉണ്ടാകും. ഭക്ഷണം മുതൽ മരുന്ന് വരെ എല്ലാം ഉറപ്പ് വരുത്തും. ട്വന്റി20 പ്രവർത്തകർ രാപകൽ വ്യത്യാസമില്ലാതെ ആവശ്യങ്ങൾ നിറവേറ്റുമെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
നേരത്തെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനവുമായി സാബു എം ജേക്കബ് രംഗത്തെത്തി.
ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം. മറ്റുള്ളവർക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്നാണ് ആക്ഷേപം. ഈ കേസിൽ വി ഡി സതീശൻ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം. ജേക്കബ് ചോദിക്കുന്നു. ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി സമ്മേളനത്തിൽ പാലിക്കപ്പെട്ടില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്നാണ് സാബു എം ജേക്കബിന്റെ ആക്ഷേപം.
Story Highlights: will-protect-deepus-family-sabu-m-jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here