‘പരാമർശത്തിൽ വേദനയില്ല, അദ്ദേഹത്തോട് ബഹുമാനമുണ്ട്’; രാഹുൽ ദ്രാവിഡ്

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹയുടെ പരാമർശത്തിൽ തനിക്ക് വേദനയില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിലെ സ്ഥാനത്തെക്കുറിച്ച് സത്യസന്ധതമായ ഉത്തരവും വ്യക്തതയും സാഹ അർഹിക്കുന്നുണ്ട്. വൃദ്ധിയോട് ആഴമായ ബഹുമാനമുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാകാൻ പ്രാപ്തനെന്ന് തെളിയിച്ചു കഴിഞ്ഞു. ടെസ്റ്റ് ടീമിലെ കീപ്പർ റോളിനായി കോന ശ്രീകർ ഭരതിനെ തയ്യാറാക്കിയെടുക്കാൻ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു. സാഹയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും ദ്രാവിഡ് പറഞ്ഞു. ഏറ്റവും എളുപ്പം ഇക്കാര്യങ്ങൾ തുറന്ന് പറയാതിരിക്കുകയാണ്. എന്നാൽ താൻ അത് ചെയ്യില്ലെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ ഉന്നതർക്കെതിരെ കടുത്ത വിമർശനവുമായി വെറ്ററൻ താരം വൃദ്ധിമാൻ സാഹ രംഗത്തെത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവരെയാണ് സാഹ വിമർശിച്ചത്. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പരിശീലകൻ രാഹുൽ ദ്രാവിഡും ചേതൻ ശർമയും നിർദ്ദേശിച്ചതായി സാഹ ആരോപിച്ചു.
താൻ ബിസിസിഐ തലപ്പത്ത് ഉള്ളിടത്തോളം കാലം ടീമിൽ ഇടം ഉറപ്പു നൽകിയ ഗാംഗുലി, പിന്നീട് വാക്കു മാറ്റിയെന്നും സാഹ വെളിപ്പെടുത്തി. ഇനിമുതൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ നേതൃത്വം മുപ്പത്തിയേഴുകാരനായ സാഹയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ നിന്ന് സാഹ പിൻമാറിയതെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ബിസിസിഐ നേതൃത്വവുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി സാഹ പരസ്യമായി രംഗത്തെത്തിയത്.
Story Highlights: rahul-dravid-on-wriddhiman-saha-not-hurt-at-all
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here