സഭയിലെ പി ടി തോമസിന്റെ അസാന്നിധ്യം യുഡിഎഫിന് ഉള്‍ക്കൊള്ളാനാകുന്നില്ല; അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

നിലപാടുകളിലെ കാര്‍ക്കശ്യമാണ് പി ടി തോമസിനെ എന്നും വ്യത്യസ്തനാക്കിയതെന്ന് സഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലെ അഗ്നിയായിരുന്നു പി ടി തോമസെന്ന് വി ഡി സതീശന് അനുസ്മരിച്ചു. ആ അഗ്നി ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ചു എന്നതാണ് പി ടി തോമസിനെ വ്യത്യസ്തനാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
‘അവിശ്വസനീയമായ വേര്‍പാടാണ് പി ടി തോമസിന്റേത്. ഈ ഭൂമിയില്‍ ജീവിച്ച് കൊതിതീരാതെയാണ് പി ടി തോമസ് നമ്മില്‍ നിന്ന് വേര്‍പെട്ടുപോയത്. പി ടി തോമസ് ഇല്ലാത്ത നിയമസഭ യു ഡി എഫിന് ഉള്‍ക്കൊള്ളാനാകുന്നില്ല. മനുഷ്യന് ചെന്നെത്താന്‍ ബുദ്ധമുട്ടിയിരുന്ന ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് കടന്നെത്തിയ പി ടി തോമസ് സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കുകയായിരുന്നു. ഓരോ വിഷയങ്ങളും പഠിച്ച് മനസിലാക്കി സ്വന്തം ബോധ്യങ്ങളുണ്ടാക്കി ആ ബോധ്യത്തിന് വേണ്ടി വാദിച്ചയാളായിരുന്നു അദ്ദേഹം. സംഘടന നല്കുന്ന ചുമതലകളായാലും ജനപ്രതിനിധി എന്ന നിലയ്ക്കുള്ള ചുമതലകളായാലും പി ടി തോമസ് കൃത്യമായി നിര്‍വഹിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും കേരളത്തിലെ നദീജല കരാറുകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ എടുത്തുപറയേണ്ടതാണ്. സ്വന്തം വാദമുഖങ്ങളെ സമ്പുഷ്ടമാക്കുന്നതിനായി അദ്ദേഹം കൃത്യമായ ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഇതര സംസ്ഥാന ലോട്ടറി മാഫിയക്കെതിരായി അദ്ദേഹം വലിയ പോരാട്ടങ്ങള്‍ നയിച്ചു. വാത്സല്യത്തോടെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനടത്തിയവരില്‍ ഒരാളാണ് ഞാനെന്ന് അഭിമാനത്തോടെ ഈ അവസരത്തില്‍ പറയാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു’. വി ഡി സതീശന് പറഞ്ഞു.
നിയമസഭയെ വാദമുഖങ്ങള്‍ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കരുത്തുള്ള നേതാവായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി ടി തോമസിന് എന്നും തനതായ നിലപാടുകള്‍ ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലുമൊക്കെ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. ഏതായാലും അദ്ദേഹം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് പി ടി തോമസിന് സഭ ആദരമര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
രോഗത്തിന് മുന്‍പിലും തളരാതെ പി ടി തോമസ് കരുത്തോടെ നിന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു. രോഗത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷകളെ ഇരുളിലാക്കിക്കൊണ്ടാണ് ദുഖകരമായ വിയോഗമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തും വായനയും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം മുന്നോട്ടുകൊണ്ടുപോകുന്ന ശൈലി പി ടി തോമസിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാംസ്കാരിക ആഭിമുഖ്യത്തിന്റെ സ്വാഭാവിക പരിണിതിയാകാം വയലാറിന്റെ ഗാനത്തിന്റെ അന്തരീക്ഷത്തിലാകണം അന്ത്യയാത്രയെന്ന് അദ്ദേഹം പറഞ്ഞത്. മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ എന്ന വരികള്‍ ശരിക്കും പി ടി തോമസിന് ജീവിതത്തോടുള്ള സ്നേഹത്തിന്റെ മുഴക്കമുള്ളതായിരുന്നു. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടകരമാണെന്ന് ചിന്തിക്കുകയും സ്വന്തം മരണാനന്തര ചടങ്ങുകള്‍ മതനിരപേക്ഷമാകണമെന്ന് പി ടി തോമസ് ചിന്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
Story Highlights: vd satheesan on pt thomas in kerala assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here