വധഗൂഢാലോചനാക്കേസ്; ദിലീപിന്റെ സഹോദരൻ അനൂപും കാർണിവൽ ഗ്രൂപ്പ് ഉടമയും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് അനൂപ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നത്. കൂടാതെ കാർണിവൽ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
കാർണിവൽ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇരുവരും നിരവധി തവണ ഫോണിൽ സംസാരിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ദിലീപ്, അനൂപ് അടക്കമുളള കേസിലെ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.
Read Also : 70 വർഷം പഴക്കമുള്ള മരം കടപുഴകി; കൂട്ടായ ശ്രമത്തിൽ നാല് മാസങ്ങൾക്ക് ശേഷം മരത്തിന് പുതുജീവൻ…
സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും.
വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇപ്പോൾ നടക്കുന്നത്.
Story Highlights: conspiracy-case-dieep-s-brother-is-questioned-by-crime-branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here