റവന്യു വകുപ്പിലെ സ്ഥലംമാറ്റം: എന്‍ ജി ഒ യൂണിയന്‍ പ്രതിനിധികളുടെ സമരം പിന്‍വലിച്ചു

കോഴിക്കോട് കളക്ട്രേറ്റിലെ എന്‍ ജി ഒ യൂണിയന്‍ പ്രതിനിധികളുടെ സമരം പിന്‍വലിച്ചു. റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റത്തിനെതിരെയാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. കോഴിക്കോട് കളക്ടറുമായി യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. മാര്‍ച്ച് 9ന് മുമ്പ് ജീവനക്കാരെ പഴയ സ്ഥലത്തേക്ക് തന്നെ നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അധികസമയം ജോലി ചെയ്ത് സമരദിവസങ്ങളിലെ ജോലി തീര്‍ക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുമുണ്ട്.
റവന്യു വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് സമരം ആരംഭിച്ചിരുന്നത്. വിഷയത്തില്‍ യൂണിയന്‍ പ്രതിനിധികളും കളക്ടറുമായി ഇന്നലെ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ചര്‍ച്ച നടക്കുകയും സമരം പിന്‍വലിക്കാന്‍ തീരുമാനമാകുകയുമായിരുന്നു. നാലാം തവണയാണ് സമരക്കാരും കളക്ടറുമായി ചര്‍ച്ച നടക്കുന്നത്. സ്ഥലമാറ്റം റദ്ദാക്കുന്നതില്‍ കുറഞ്ഞ യാതൊരു തീരുമാനവും അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ സമരം നടത്തിയത്. സ്ഥലം മാറ്റിയ 16 പേരില്‍ അഞ്ച് പേരുടെ സ്ഥലമാറ്റം പിന്‍വലിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം നടന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറെ ഉപരോധിച്ചുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന ആരോപണം ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നു.
Story Highlights: ngo union protest kozhikode revenue department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here