കെപിഎസി ലളിതയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി എ.കെ ബാലൻ

കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻമന്ത്രി എ.കെ ബാലൻ. കെപിഎസി ലളിതയുടെ വിയോഗം ഏറെ ദുഃഖകരമാണെന്ന് എ.കെ ബാലൻ പറഞ്ഞു. വളരെ സവിശേഷമായ അഭിനയശേഷിയുള്ള ലളിതയെ ആരാധനയോടെയാണ് കണ്ടിട്ടുള്ളത്. അഞ്ച് വർഷം സാംസ്‌കാരിക വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയെന്ന നിലയിൽ, കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്ന കെപിഎസി ലളിതയോട് നിരന്തരം ആശയ വിനിമയം നടത്താൻ അവസരം കിട്ടിയെന്ന് എ.കെ ബാലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( ak balan about kpac lalitha )
കറകളഞ്ഞ സ്‌നേഹവും ലാളിത്യവും അവരുടെ വ്യക്തിപരമായ സ്വഭാവഗുണങ്ങളായിരുന്നു. മരിക്കുവോളം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അവർ പ്രതിബദ്ധത പുലർത്തി. കെപിഎസി ലളിതയുടെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്നും എ.കെ ബാലൻ പറഞ്ഞു.
കുടുംബാംഗങ്ങളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
Story Highlights: ak balan about kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here