കുഞ്ഞ് കരയാത്തതിനാലാണ് ആശുപത്രിയിൽ എത്തിക്കാതിരുന്നത്, എന്ത് ശിക്ഷ നൽകിയാലും സ്വീകരിക്കാൻ തയാറാണ്; അമ്മ ട്വന്റി ഫോറിനോട്

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ അമ്മ. കുഞ്ഞ് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയപ്പോഴേ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. കുഞ്ഞ് കരയാത്തതിനാലാണ് ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്ന് അമ്മ പറഞ്ഞു. എന്ത് ശിക്ഷ നൽകിയാലും സ്വീകരിക്കാൻ തയാറാണ്. കുഞ്ഞ് തനിയെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയതാണെന്നും കുഞ്ഞിനെ ആരും മർദിച്ചിട്ടില്ലെന്നും അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. ആന്റണി ടിജിനോ സഹോദരിയോ കുഞ്ഞിനെ മർദിക്കുന്നതായി കണ്ടിട്ടില്ല. കുഞ്ഞിന്റെ കവിളിലെ പാടുകൾ മുകളിൽ നിന്ന് ചാടി വീണപ്പോൾ ഉണ്ടായതാതാണെന്നും അമ്മ കൂട്ടിച്ചേർത്തു.
ഇതിനിടെ സംഭവത്തില്‍ തന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കുട്ടിയുടെ പിതാവ് രംഗത്ത്. കുട്ടിയുടെ മാതൃസഹോദരിയുടെ ആരോപണങ്ങള്‍ പോലെ താന്‍ ആരുടെയും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഭാര്യയുടെ സഹോദരിയും അവരുടെ പങ്കാളി ആന്റണി ടിജിനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. തന്റെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
സ്വത്ത് തട്ടിയെടുക്കാനാണ് കുട്ടിയുടെ അച്ഛന്റെ ശ്രമമെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതൃസഹോദരി രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ഏഴുമാസത്തോളമായി ഇയാള്‍ തങ്ങളെ പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തെ വ്യാജ കേസുകളുണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. കേസില്‍ ആന്റണി ടിജിന്‍ നിരപരാധിയാണെന്നും യുവതി പ്രതികരിച്ചു.
കുട്ടിയുടെ ആരോഗ്യ നിലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുരോഗതിയുണ്ടെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വൈകുന്നേരം മുതല്‍ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നല്‍കിത്തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്കെത്തിയത് ആശ്വാസമാകുന്നുണ്ട്.
Story Highlights: girl assaulted Case thrikkakkara, mother response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here