Advertisement

ജീവിതത്തിന്റെ ചായം മുക്കാത്ത അനുഭവങ്ങളുമായി കെപിഎസി ലളിതയുടെ ആത്മകഥ

February 23, 2022
2 minutes Read
KPAC lalitha

അഭ്രപാളിയില്‍ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരിയാണ് കെപിഎസി ലളിത. നാടക, സിനിമാ ജിവിതത്തിനപ്പുറം യഥാര്‍ത്ഥ ജീവിതത്തിന്റെ കാറ്റും കോളും നിറഞ്ഞ ചായത്തില്‍ മുക്കാത്ത അനുഭവങ്ങളാണ് കെപിഎസി ലളിത ‘കഥ തുടരും’ എന്ന ആത്മകഥയില്‍ പങ്കുവയ്ക്കുന്നത്. ‘ഞാന്‍, മഹേശ്വരി. മഹേശ്വരിയെ നിങ്ങള്‍ക്കറിയില്ല. പക്ഷേ എന്നെ നിങ്ങള്‍ക്കറിയാം…’ കെപിഎസി ലളിത തന്റെ ആത്മകഥ തുടങ്ങിവയ്ക്കുന്നത് ഇങ്ങനെയാണ്.

ഒരു നടിയും മലയാളത്തില്‍ ഇത്ര ഉറക്കെ സത്യങ്ങള്‍ വിളിച്ചുപറഞ്ഞിട്ടുണ്ടാകില്ല. രംഗവേദിയെ കുറിച്ചുള്ള സ്ത്രീപക്ഷ അന്വേഷണങ്ങള്‍ മാത്രമല്ല കഥ തുടരും എന്ന ആത്മകഥ. അസാമാന്യ ചങ്കുറപ്പോടെ തിരിച്ചടികളെ അതിജീവിച്ചതിന്റെ നേര്‍ സാക്ഷ്യം കൂടിയാണ് കെപിഎസി ലളിതയുടെ അനുഭവക്കുറിപ്പുകള്‍. തയ്യാറാക്കിയ പ്രമുഖ എഴുത്തുകാരന്‍ ബാബു ഭരദ്വാജ് പോലും അമ്പരന്ന് പോയ നിമിഷങ്ങള്‍..ഭരതേട്ടന്റെ പ്രണയങ്ങള്‍, നിശ്ചയപ്പിറ്റേന്ന് കല്യാണം, ഒരു ആത്മഹത്യാശ്രം തുടങ്ങിയ അധ്യായങ്ങള്‍ വായിച്ച് തീര്‍ക്കുമ്പോള്‍ കെപിഎസി ലളിത എന്ന കലാകാരിയുടെ മഹത്വം നമ്മള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

സിനിമയുടെ വഴുവഴപ്പന്‍ ലോകത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ പുനര്‍വായിക്കും വിധമുള്ള തുറന്നുപറച്ചില്‍ കെപിഎസി ലളിതയുടെ ആത്മകഥയില്‍ വായനക്കാരന് കാണാം. സിനിമയിലും നാടകത്തിലും തനിക്ക് മാത്രം അവകാശപ്പെട്ട സ്വാഭാവികത ആത്മകഥയിലും പ്രകടിപ്പിക്കുകയാണ് കെപിഎസി ലളിത. ഏറ്റവും അടുപ്പമുള്ള സഹപ്രവര്‍ത്തകരെ അനുസ്മരിക്കുമ്പോള്‍ സംയമനം പാലിക്കാനൊന്നും കെപിഎസി ലളിത മിനക്കെട്ടിരുന്നില്ല. ഭര്‍ത്താവിന്റെ പ്രണയത്തെക്കുറിച്ച് മാത്രം ഒരധ്യായവും എഴുതിച്ചേര്‍ത്തു ഈ കലാകാരി. ഭക്തിയും വിപ്ലവബോധവും നര്‍മവും എല്ലാം നിറഞ്ഞ, ലളിതമല്ലാത്ത, ലളിതാ മജിക് ഇനി ഒളിമങ്ങാത്ത ഓര്‍മകളായി നമുക്കിടയില്‍ തുടരും.

Read Also : മണിച്ചിത്രത്താഴിലും അനിയത്തിപ്രാവിലും അതുല്യമായ പ്രകടനമാണ് ലളിത ചേച്ചി കാഴ്ചവച്ചത്; വിയോഗം മലയാള സിനിമയ്ക്ക് നഷ്ടമാണ് ;ഫാസിൽ

മലയാള സിനിമയില്‍ എന്നും സ്വയം അടയാളപ്പെടുത്തിയ കെപിഎസി ലളിത പ്രതിസന്ധികള്‍ക്കിടയിലും നിരന്തരം പോരാടി. ജീവിതം നട്ടുനനച്ചു. പ്രിയപ്പെട്ടവര്‍ക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും മാറിയ നടി. കെപിഎസി ലളിത വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത് കാലം കുറേ അപ്പുറത്തേക്കുള്ള ഓര്‍മകള്‍ ബാക്കിവച്ചാണ്. മലയാളത്തിലും തമിഴിലുമായി 550ലേറെ ചിത്രങ്ങളില്‍ കെ പിഎസി ലളിത വേഷമിട്ടു. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍ നിറഞ്ഞാടി. പകരം വയ്ക്കാനാകാത്തത് എന്ന വിശേഷണത്തെ ആദരവോടെ നാം ചേര്‍ത്തുവച്ച കെപിഎസി എന്ന നാമവും ഇനി നിറമുള്ള ഓര്‍മയാണ്.

Story Highlights: KPAC lalitha, autobiography

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top