കന്മദത്തിലെ ആ ഡയലോഗ് അനുകരിച്ചു; ദേവനന്ദയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് കെപിഎസി ലളിത (വിഡിയോ)

സിനിമാ നടിമാരെയും നടന്മാരെയും ഒക്കെ അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു അഞ്ചാംക്ലാസുകാരിയുണ്ട്, കട്ടപ്പന പുളിയം മലയില്‍. കെപിഎസി ലളിതയെയും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും ഉള്‍പ്പെടെ അനുകരിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി.
മോഹന്‍ലാല്‍ നായകനായ കന്മദം എന്ന ചിത്രത്തില്‍ കെപിഎസി ലളിത അവതരിപ്പിച്ച കഥാപാത്രത്തെ ദേവനന്ദ മിഴിവോടെ അഭിനയിച്ചുഫലിപ്പിച്ചിരുന്നു ദേവനന്ദ. സമൂഹമാധ്യമങ്ങളില്‍ അടക്കം ദേവനന്ദയുടെ വിഡിയോകള്‍ വൈറലായതോടെ കെപിഎസി ലളിത നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
മലയാള സിനിമയില്‍ എന്നും സ്വയം അടയാളപ്പെടുത്തിയ നടിയാണ് കെപിഎസി ലളിത. പ്രതിസന്ധികള്‍ക്കിടയിലും അവര്‍ നിരന്തരം പോരാടി. ജീവിതം നട്ടുനനച്ചു. പ്രിയപ്പെട്ടവര്‍ക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും മാറിയ നടി. കെപിഎസി ലളിത വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത് കാലം കുറേ അപ്പുറത്തേക്കുള്ള ഓര്‍മകള്‍ ബാക്കിവച്ചാണ്. മലയാളത്തിലും തമിഴിലുമായി 550ലേറെ ചിത്രങ്ങളില്‍ കെ പിഎസി ലളിത വേഷമിട്ടു. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍ നിറഞ്ഞാടി. പകരം വയ്ക്കാനാകാത്തത് എന്ന വിശേഷണത്തെ ആദരവോടെ നാം ചേര്‍ത്തുവച്ച കെപിഎസി എന്ന നാമവും ഇനി നിറമുള്ള ഓര്‍മയാണ്. ‘ഞാന്‍, മഹേശ്വരി. മഹേശ്വരിയെ നിങ്ങള്‍ക്കറിയില്ല. പക്ഷേ എന്നെ നിങ്ങള്‍ക്കറിയാം…’കഥ തുടരുമെന്ന പേരിലെഴുതിയ ആത്മകഥ കെപിഎസി ലളിത തുടങ്ങിവയ്ക്കുന്നത് ഇങ്ങനെയാണ്.
Read Also : വീട്ടില്‍ നിന്ന് തുടങ്ങിയ രാഷ്ട്രീയം; മരണം വരെ വ്യത്യസ്തയായി കെപിഎസി ലളിത
ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത വിട പറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് നാലരയോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയാണ്. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
Story Highlights: kpac lalitha, devananda viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here