സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയം; കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്

സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയമാണ് കെപിഎസി ലളിത. കെപി എസി എന്ന നാലക്ഷരം മതിയായിരുന്നു അവരെ അടയാളപ്പെടുത്താൻ. മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളെ വിസ്മയകരമായ അഭിനയതാൽ കെപിഎസി ലളിത അരങ്ങിലും അഭ്രപാളിയിലും മനോഹരമാക്കി. അവർ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഓരോ കഥാപാത്രമായും അവർ ജീവിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തെ അവരുടെ പേര് ചേർക്കാതെ അടയാളപ്പെടുത്താൻ കഴിയില്ല. എക്കാലത്തും നിലപാടുള്ള ഇടതുപക്ഷ സഹയാത്രികനായിരുന്നു. മലയാള സിനിമയ്ക്ക് മാത്രമല്ല മലയാള കലാ ലോകത്തിനാകെ തന്നെ കെപിഎസി ലളിതയുടെ വേർപാട് വലിയ നഷ്ടം ആണ്. അവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
അതേസമയം അന്തരിച്ച നടി കെപിഎസി ലളിതയുടെസംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
Read Also : ‘അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയായത്’; കെപിഎസി ലളിതയെ ഓര്‍മിച്ച് മഞ്ജു വാര്യര്‍
തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
Story Highlights: Mohammad Riyaz condoles on the death of KPAC Lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here